" മനുഷ്യാവകാശം സംരക്ഷിക്കുക എന്നതാണ് ഐക്യരാഷ്ട്ര സംഘടനയുടെ സാർവത്രിക ദൗത്യം. എല്ലാ മനുഷ്യനും തുല്യ അവകാശവും തുല്യ നീതിയുമെന്നതാണ് നമ്മുടെ പ്രഖ്യാപിത ലക്ഷ്യം. മനുഷ്യാവകാശത്തെപറ്റിയുള്ള യു.എൻ പ്രഖ്യാപനം, ഒരു വ്യക്തിയും അടിമത്തം അനുഭവിക്കരുത് എന്നതാണ്".
ആഫ്രിക്കൻ ജനതകളെ അറ്റ്ലാന്റിക്ക് സമുദ്രത്തിനപ്പുറമുള്ള രാജ്യങ്ങളിൽ കൊണ്ടുപോയി അടിമവ്യാപാരം ചെയ്യുന്നത് (ട്രാൻസ് അറ്റ്ലാന്റിക്ക് സ്ലേവ് ട്രേഡ്) അവസാനിപ്പിച്ചതിന്റെ ഇരുന്നൂറാം വാർഷികത്തോടനുബന്ധിച്ച് യു.എൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ നടത്തിയ പ്രസ്താവനയാണിത്. മനുഷ്യനെ അടിമയാക്കി വിലപറഞ്ഞു വിൽക്കുന്ന അടിമകച്ചവടം മനുഷ്യചരിത്രത്തിലെ ഏറ്റവും മനുഷ്യത്വഹീനമായ സംഭവമാണ്. പതിനഞ്ചാം നൂറ്റാണ്ടിൽ സ്പെയിൻ, ബ്രിട്ടൻ, ഫ്രാൻസ്, ബെൽജിയം, തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളുടെ ആഫ്രിക്കയിലേക്കുള്ള അധിനിവേശമാണ് അടിമക്കച്ചവടത്തിന് ആരംഭംകുറിച്ചതെന്ന് പറയപ്പെടുന്നു. മുതലാളിത്ത സമ്പദ് വ്യവസ്ഥയുടെ കോളനിവൽക്കരണമാണ് അടിമക്കച്ചവടത്തിന് കളമൊരുക്കിയത്.
വിദേശശക്തികളുടെ കോളനികളിലെ വൻ പ്ലാന്റേഷനുകളിൽ അടിമപ്പണിക്കായി ആഫ്രിക്കൻ ജനതയെ ഉപയോഗിക്കുക എന്നത് പതിനെട്ടാം നൂറ്റാണ്ടിലെ ശീലമായിരുന്നു. 250 ലക്ഷം ആഫ്രിക്കക്കാർ അടിമച്ചങ്ങലകളിൽ ജീവൻ വെടിഞ്ഞിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. അന്റെർട്ടാ ഡ്യൂക്കിനെപ്പോലുള്ള ആഫ്രിക്കൻ വ്യാപാരികളും അടിമക്കച്ചവടം പ്രോത്സാഹിപ്പിച്ചവരാണ്. പതിനാറാം നൂറ്റാണ്ടിൽ കോംഗോയിലെ അൽഫൻസോ രാജാവും പതിനേഴാം നൂറ്റാണ്ടിൽ അംഗോളയിലെ നജിംഗ മുബൺഡി രാജ്ഞിയും പതിനെട്ടാം നൂറ്റാണ്ടിൽ ഒഹോമിയിലെ അഗാജാ ട്രൂഡോ രാജാവും അടിമക്കച്ചവടം പ്രോത്സാഹിപ്പിച്ച ക്രൂരരായ ഭരണാധികാരികളാണ്. ഇന്നു ക്രിമിനൽ കുറ്റമായ അടിമത്തം പതിനെട്ടാം നൂറ്റാണ്ടുവരെ പാശ്ചാത്യരാജ്യങ്ങളിൽ അംഗീകരിക്കപ്പെട്ട നിയമമായിരുന്നു എന്നത് നമുക്ക് അവിശ്വസനീയമായി തോന്നിയേക്കാം.
അടിമത്തം എന്ന ദുരന്തത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ബാബിലോണിയക്കാരും ഈജിപ്തുക്കാരും ഗ്രീക്കുക്കാരും പേർഷ്യക്കാരും റോമക്കാരുമെല്ലാം മനുഷ്യനെ ജോലിചെയ്യാൻ ഉപയോഗിച്ചിരുന്നു. പതിമൂന്നാം നൂറ്റാണ്ടോടെ അമേരിക്കയുടെ നേതൃത്വത്തിൽ കറുത്തവർഗക്കാരെ അടിമകളാക്കി ഖനികളിലും ഫാക്ടറികളിലും കൃഷിയിടങ്ങളിലും ക്രൂരമായി ജോലി ചെയ്യിപ്പിച്ച് ചൂഷണം ചെയ്യുന്ന ശൈലി വളർന്നുവന്നു. ഒലൗഡാ ഇക്വിയാനോ, തോമസ് ക്ലർക്സൺ, ഗ്രാൻ വില്ലേഷാർപ് തുടങ്ങിയ വ്യക്തികളുടെ നേതൃത്വത്തിൽ അടിമത്തത്തിനെതിരെ നടന്ന സമരങ്ങളുടെ ഫലമായി 1833 ൽ ബ്രിട്ടനിലും 1848 ൽ ഫ്രാൻസിലും 1863 നവംബർ 19 ലെ എബ്രഹാം ലിങ്കൺ ഗെറ്റിസ്ബർഗ് പ്രസംഗത്തോടെ അമേരിക്കയിലും അടിമത്തനിരോധന നിയമം നിലവിൽവന്നു.
പ്രിയമുള്ളവരെ, മനുഷ്യൻ ഒരു വ്യക്തിയാണ്, വസ്തുവല്ല, ശരീരം ഒരു വിൽപ്പനച്ചരക്കാക്കി വിപണിയിൽ ലേലം വിളിക്കപ്പെടുമ്പോൾ അപമാനവീകരണം സംഭവിക്കുന്നത് മനുഷ്യത്വം എന്ന പാവന സമ്പത്തിനാണ്. വർണ്ണ വർഗ ഭേദത്തിന്റെ കരിമതിലുയർത്തി, മനുഷ്യനെ വിഭജിച്ച് മേലാളവർഗത്തിന് മൃഗീയമായ ആർത്തി, അതിരില്ലാതെ പതഞ്ഞുയർന്നത് നൂറ്റാണ്ടുകളോളമാണ്. മതഭ്രാന്തിന്റെ ആ അട്ടഹാസങ്ങൾക്കിടയിൽ എത്ര സഹോദരങ്ങളുടെ നിലവിളികൾ അമർന്നോടുങ്ങിയിട്ടുണ്ടാകാം! എത്ര അമ്മമാരുടെ കണ്ണീർകണങ്ങൾ മുതലാളിത്തത്തിന്റെ നിറനെഞ്ചിൽ ആസിഡ് മഴയായി പെയ്തിറങ്ങിയിട്ടുണ്ടാവാം.... ചരിത്രത്തിന്റെ ഇരുൾവഴികളിൽ എത്രയെത്ര അനാഥശവങ്ങൾ അടിമചങ്ങലകളുടെ മരണമണിക്കിലുക്കം കേട്ട് ആറടി മണ്ണു കാത്തു കിടന്നിട്ടുണ്ടാവാം.
അടിമത്തം! ലോക ചരിത്രത്തിലെ തേങ്ങലാണ്! എത്ര വർഗങ്ങൾ! എത്ര വംശങ്ങൾ! ക്രൂരവും പൈശാചികവുമായി പീഡിപ്പിക്കപ്പെട്ടു!
ഇന്ന് അടിമത്തം പുതിയ രൂപത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. രാഷ്ട്രീയപ്പാർട്ടിയുടെ, മതഭ്രാന്തിന്റെ, തീവ്രവാദത്തിന്റെ, അടിമത്തം മനുഷ്യസ്വാതന്ത്ര്യത്തെ ആക്രമിക്കുകയാണ്. ബാലവേലയും ലൈംഗിക ചൂഷണവും അടിമത്തം തന്നെ 2019 ലെ അടിമത്തനിവാരണ ദിന സന്ദേശമായി യു.എൻ നൽകുന്ന സ്വാതന്ത്ര്യവും തുല്യവുമായ മഹത്വവും നീതിയും ഓരോ മനുഷ്യന്റെയും ജന്മാവകാശമാണ് എന്ന സത്യം നമുക്ക് പ്രഘോഷിക്കാം. സഹോദരനെ വസ്തുവായി കാണാതെ വ്യക്തിയായി അംഗീകരിക്കാനും സ്വാതന്ത്ര്യവും അഭിമാനവും ആക്രമിക്കപ്പെടാതെ കാക്കാനും നമുക്ക് പ്രതിജ്ഞാബദ്ധരാകാം. അങ്ങനെ ഈ ലോകം സ്വാതന്ത്ര്യരായരുടെ ലോകമാക്കിത്തിർക്കാൻ നമുക്ക് കൈകോർക്കാം.
ഫാ. റോയി കണ്ണൻചിറ സിഎംഐ എഴുതിയ 'പ്രപഞ്ചമാനസം' എന്ന ഗ്രന്ഥത്തിൽ നിന്ന് എടുത്ത ഭാഗമാണിത്. പത്തുവർഷം കൊണ്ട് എഴുതിയ ബുക്കാണിത്. സാഹിതി ഇന്റർനാഷണലിന്റെ മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള പുരസ്കാരം പ്രപഞ്ച മാനസത്തിന് ലഭിച്ചിട്ടുണ്ട്.
ഫാ. റോയി കണ്ണൻചിറ സിഎംഐയുടെ കൂടുതൽ രചനകൾ വായിക്കുന്നതിന് : https://cnewslive.com/author/15946/1