കുവൈറ്റിലെ എണ്ണകമ്പനിയില്‍ തീപിടുത്തം

കുവൈറ്റിലെ എണ്ണകമ്പനിയില്‍ തീപിടുത്തം

കുവൈറ്റ്: രാജ്യത്തെ പ്രധാനപ്പെട്ട എണ്ണകമ്പനിയില്‍ തീപിടുത്തമുണ്ടായി. നിരവധി പേർക്ക് ശ്വാസതടസ്സമുണ്ടായതായും പരുക്കേറ്റതായും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. ആരുടേയും പരുക്ക് ഗുരുതരമല്ലെന്നാണ് സൂചന. ഇവരെ അടുത്തുളള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുവൈറ്റിലെ അറേബ്യൻ ഗൾഫ് തീരത്തുള്ള മിന അൽ അഹ്മദി ഓയിൽ റിഫൈനറിയിലുണ്ടായ തീപിടിത്തം വൈദ്യുത വിതരണത്തെയോ എണ്ണ കയറ്റുമതിയെയോ ബാധിച്ചിട്ടില്ലെന്ന് കുവൈറ്റിലെ നാഷണൽ പെട്രോളിയം കമ്പനി അറിയിച്ചു.

രാജ്യത്തെ ആഭ്യന്തരവിപണിയിലെ ഡീസല്‍ ഗ്യാസോലിന്‍ വിതരണത്തിനായി പ്രതിദിനം 25,000 ബാരല്‍ ഉല്‍പാദിപ്പിക്കുന്നതിനായാണ് റിഫൈനറി സ്ഥാപിച്ചത്. അടുത്തിടെ ഇത് നവീകരിച്ച് ഉല്‍പാദനം 346,000 ബാരലായി ഉയ‍ർത്തിയിരുന്നു.അഗ്നിശമനസേനാംഗങ്ങളുടെ സമയോചിതമായ ഇടപെടലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. റിഫൈനറിയുടെ ഭാഗത്ത് നിന്ന് വലിയ സ്ഫോടനശബ്ദം കേൾക്കുകയും തുട‍ർന്ന് കറുത്ത പുക ഉയരുന്നത് കണ്ടുവെന്നുമാണ് കുവൈത്തിലെ തീരപ്രദേശമായ ഫഹാഹീൽ നിവാസികള്‍ പറയുന്നത്.സമൂഹമാധ്യമങ്ങളില്‍ നിരവധി പേരാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. റിഫൈനറിയില്‍ അഗ്നിശമന സേനാംഗങ്ങളുടെ പ്രവർത്തനം ഇപ്പോഴും തുടരുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.