കോഴിക്കോട്: കോഴിക്കോട്ട് ജാനകിക്കാട്ടില്‍ പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. പ്രണയം നടിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ നാദാപുരം എഎസ്പി യുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തു വരുകയാണ്. ഈ മാസം മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
ഇവര്‍ക്കെതിരെ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. കുറ്റ്യാടി സ്വദേശിയായ 17 വയസുകാരിയാണ് പരാതി നല്‍കിയത്. പരാതി ലഭിച്ചയുടന്‍ വടകര റൂറല്‍ എസ് പി നാദാപുരം എഎസ്പിക്ക് അന്വേഷണ ചുമതല കൈമാറി. മൂന്ന് കായത്തൊടി സ്വദേശികളെയും ഒരു കുറ്റ്യാടി സ്വദേശിയേയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ ഒരാള്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു.
പ്രണയം മുതലെടുത്ത് കോഴിക്കോട്ടെ ടൂറിസം കേന്ദ്രത്തിലേയ്ക്ക് ആണ്‍ സുഹൃത്ത് പെണ്‍കുട്ടിയെ എത്തിക്കുകയായിരുന്നു. പിന്നീട് ജ്യൂസില്‍ മയക്കു മരുന്ന് ചേര്‍ത്താണ് നാല് പേര്‍ ചേര്‍ന്ന് പീഡനത്തിന് ഇരയാക്കിയത്. ദളിത് വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. അടുത്തിടെ ഇത് മൂന്നാം തവണയാണ് കോഴിക്കോട് ജില്ലയില്‍ മയക്കു മരുന്ന് നല്‍കിയുള്ള കൂട്ടബലാത്സംഗം റിപ്പോര്‍ട്ട് ചെയ്യുന്നത്.