സംസ്ഥാനത്ത് ഇന്നും കനത്ത മഴ: കല്ലാര്‍ അണക്കെട്ട് തുറന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും കനത്ത മഴ: കല്ലാര്‍ അണക്കെട്ട് തുറന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയെന്ന് കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

പാലക്കാടും കാസര്‍കോടും ഒഴികെയുള്ള ജില്ലകളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വെള്ളിയാഴ്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. ഇന്നലെ പലയിടത്തും കനത്ത മഴയായിരുന്നു. മലപ്പുറത്തും പാലക്കാട്ടും ഉരുള്‍പൊട്ടി. അട്ടപ്പാടി ചുരം വഴി രാത്രി യാത്ര് നിരോധിച്ചു. മൂന്നാര്‍ അഞ്ചാം മൈലില്‍ മണ്ണിടിച്ചിലുണ്ടായി.

കല്ലാര്‍ അണക്കെട്ട് തുറന്നു. രണ്ട് ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വരെ ഉയര്‍ത്തി. കല്ലാര്‍, ചിന്നാര്‍ പുഴകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു. മാട്ടുപ്പെട്ടി അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും.

തൃശൂര്‍ ജില്ലകളിലെ ഡാമുകളിലും ജലനിരപ്പ് കൂടി. പീച്ചി, പെരിങ്ങല്‍ക്കൂത്ത് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ചിമ്മിനി ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും. കരുവന്നൂര്‍, കരുമാലി മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും അടച്ചു.

കേരള, തമിഴ്‌നാട് തീരങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴ തുടരും.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.