കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിസന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍, പി.എസ്. സരിത്ത്, സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍, കെ.ടി. റമീസ് എന്നിവരുള്‍പ്പെടെ 29 പേരെ പ്രതികളാക്കി കസ്‌റ്റംസ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. എം. ശിവശങ്കര്‍ കേസില്‍ ഇരുപത്തിയൊന്‍പതാം പ്രതിയാണ്. ഇരുപത്തിയൊന്‍പതു പേരെ പ്രതിചേര്‍ത്താണ് കസ്റ്റംസ് മൂവായിരം പേജുള്ള കുറ്റപത്രം തയാറാക്കിയത്.
2020 ജൂലൈ അഞ്ചിനാണ് തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് വഴി കടത്തിക്കൊണ്ടുവന്ന സ്വര്‍ണം കസ്റ്റംസ് പിടികടിയത്. 14.82 കോടി രൂപ വിലവരുന്ന 30.44 കിലോ സ്വര്‍ണം പിടിച്ചത്. പ്രതികള്‍ 21 തവണയായി 167.07 കിലോ സ്വര്‍ണം കടത്തിയെന്നും ഒന്നാംപ്രതി പി.എസ്. സരിത്ത്, രണ്ടാംപ്രതി സ്വപ്ന സുരേഷ്, മൂന്നാംപ്രതി സന്ദീപ്, നാലാംപ്രതി കെ.ടി റമീസ് തുടങ്ങിയ മുഖ്യപ്രതികള്‍ ഇതിനായി ഗൂഢാലോചന നടത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. സ്വപ്നയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ശിവശങ്കറിന് സ്വര്‍ണക്കടത്തിനെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നെന്നും കുറ്റപത്രത്തിലുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ് സംസ്ഥാനത്ത് വന്‍ രാഷ്ട്രീയ വിവാദമായ കേസില്‍ പിന്നീട് അന്വേഷണം എങ്ങുമെത്താതെ പോവുകയാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. സ്വര്‍ണം കള്ളക്കടത്തു നടത്തിയതിന്, കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സ്വപ്‌ന സുരേഷിന് എതിരെ ചുമത്തിയ കോഫേപോസ കഴിഞ്ഞയാഴ്ച ഹൈക്കോടതി റദ്ദാക്കിയിരുന്നു.
ദുബായില്‍ നിന്ന് സ്വര്‍ണം കേരളത്തിലെത്തിച്ച് വ്യക്തികള്‍ക്ക് വില്‍ക്കുന്നതായിരുന്നു പ്രതികളുടെ രീതി. കെ.ടി. റമീസ് സ്വര്‍ണക്കടത്ത് കോഡിനേറ്റ് ചെയ്തു. സ്വര്‍ണക്കടത്തിനായി പണം നല്‍കിയവരും ജൂവലറി ഉടമകളുമൊക്കെയാണ് മറ്റു പ്രതികള്‍.