ചക്രവാത ചുഴിയും ന്യൂനമര്‍ദ പാത്തിയും; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

  ചക്രവാത ചുഴിയും ന്യൂനമര്‍ദ പാത്തിയും; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍,പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. സംസ്ഥാന വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തെക്കന്‍ തമിഴ്‌നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴി കാരണം നാല് ദിവസത്തേക്കാണ് കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

തൃശൂരില്‍ ഇന്നലെ പെയ്ത മഴയില്‍ ചാലക്കുടി പരിയാരത്ത് കപ്പത്തോട് കരക വിഞ്ഞൊഴുകി. പത്തോളം വീടുകളില്‍ വെള്ളം കയറി. പണ്ടാരം പാറ മേഖലയില്‍ നിന്നാണ് വെള്ളം കുത്തിയൊലിച്ച് വന്നത്. അതിരപ്പിള്ളി വന മേഖലയില്‍ ഉരുള്‍ പൊട്ടിയതിനെ തുടര്‍ന്നാകാം മല വെള്ളപ്പാച്ചില്‍ എന്നാണ് സൂചന. മോതിരക്കണ്ണി കുറ്റിച്ചിറ റോഡിലൂടെ ഗതാഗതം തടസപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് മല വെള്ളപ്പാച്ചില്‍ ഉണ്ടായത്.

കോഴിക്കോട് രാവിലെ ശക്തി കുറഞ്ഞ ഇടിയോടു കൂടിയ ചാറ്റല്‍ മഴയുണ്ട്. മലയോര മേഖലയില്‍ മഴ വിട്ടു നില്‍ക്കുന്നു. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ള കൊടിയത്തൂര്‍, മുക്കം, പുതുപ്പാടി മേഖലകളില്‍ ആവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. തീരദേശ മേഖലകളിലും ജാഗ്രത തുടരുകയാണ്.

അതിനിടെ സംസ്ഥാനത്ത് മഴക്കെടുതി നേരിടുന്നതിന് വില്ലേജ് ഓഫീസര്‍മാര്‍ക്ക് ഇരുപത്തി അയ്യായിരം രൂപ വീതം മുന്‍കൂര്‍ പണം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. ജില്ലാ കളക്ടര്‍മാര്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കി. ദുരിതാശ്വാസ ക്യാമ്പുകള്‍ പെട്ടന്ന് തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ അതിനു വേണ്ടിയാണ് പണം അനുവദിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.