തിരുവനന്തപുരം: അനുപമയ്ക്ക് നീതി കിട്ടിയില്ലെന്ന് സിപിഎം പിബി അംഗം ബൃന്ദ കാരാട്ട്. അനുപമയ്ക്ക് കുട്ടിയെ തിരികെ നല്‍കണം. മനുഷ്യത്വരഹിതമായ കാര്യമാണ് നടന്നത്. അമ്മയില്‍ നിന്ന് കുട്ടിയെ മാറ്റിയത് കുറ്റകരമായ കൃത്യമാണെന്നും ബൃന്ദ കാരാട്ട് ആരോപിച്ചു.
കുഞ്ഞിനെ തിരികെ കിട്ടാനുള്ള നടപടികള്‍ വേഗത്തിലാക്കണം. ഇക്കാര്യത്തില്‍ നീതി നിഷേധം ഉണ്ടായി എന്നും ബൃന്ദ കാരാട്ട് പറഞ്ഞു. അതേസമയം അനുപമയ്ക്ക് ഒപ്പമാണ് പാര്‍ട്ടിയും സര്‍ക്കാരുമെന്ന് മുന്‍ മന്ത്രി പി.കെ ശ്രീമതി പറഞ്ഞു. കുഞ്ഞിനെ അമ്മയ്ക്ക് തിരികെ കിട്ടണം. അനുപമ തനിക്ക് നേരിട്ട് പരാതി തന്നിട്ടില്ല. ബൃന്ദ കാരാട്ടാണ് ഈ വിഷയം തന്നോട് പറയുന്നത്. വിഷയം സര്‍ക്കാര്‍ അന്വേഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും പി.കെ.ശ്രീമതി പറഞ്ഞു.
എന്നാല്‍ തനിക്ക് വേണ്ട സമയത്ത് പാര്‍ട്ടി സഹായിച്ചില്ലെന്നും ഇപ്പോള്‍ പാര്‍ട്ടിക്ക് എത്രമാത്രം സഹായിക്കാനാകുമെന്ന് അറിയില്ലെന്നും അനുപമ പറയുന്നു. എ. വിജയരാഘവന് പരാതി നല്‍കുകയും നേരില്‍ കാണുകയും ചെയ്തിരുന്നു. പക്ഷെ തുടര്‍ നടപടികള്‍ ഒന്നും ഉണ്ടായില്ലെന്നും അനുപമ ആരോപിച്ചു.