തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയായി നിലനിര്‍ത്തണമെന്ന് കേരളം. ഉന്നത സമിതി യോഗത്തിലാണ് കേരളം ആവശ്യം മുന്നോട്ടുവച്ചത്. 139.99 അടിയായി ജലനിരപ്പ് നിലനിര്‍ത്തണമെന്ന 2018ലെ സുപ്രീം കോടതി നിര്‍ദ്ദേശം കേരളം ചൂണ്ടിക്കാട്ടി. ജലനിരപ്പ് 142 അടിയായി നിലനിര്‍ത്തണമെന്ന തമിഴ്‌നാടിന്റെ ആവശ്യം തള്ളിയിരുന്നു.
മന്ത്രി റോഷി അഗസ്റ്റിൻ, കേരള അഡീഷണല്‍ ചീഫ് സെക്രട്ടറി ടികെ ജോസ് ഐഎഎസ്, തമിഴ്‌നാട് അഡീഷണല്‍ ചീഫ് സെക്രട്ടറി സന്ദീപ് സക്‌സേന, കേന്ദ്ര ജല കമ്മീഷന്‍ അംഗവും മുല്ലപ്പെരിയാര്‍ ഉന്നതതല സമിതി ചെയര്‍മാനുമായ ഗുല്‍ഷന്‍ രാജ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. പ്രധാനമായും രണ്ട് ആവശ്യങ്ങളാണ് കേരളം മുന്നോട്ടുവച്ചത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയായി നിലനിര്‍ത്തണം എന്ന് ആവശ്യപ്പെട്ട കേരളം സുപ്രീം കാടതി നിര്‍ദ്ദേശം ചൂണ്ടിക്കാട്ടി.
അന്നത്തെ അവസ്ഥയല്ല ഇന്ന്. തുലാവര്‍ഷം ആരംഭിക്കാനിരിക്കുന്നേയുള്ളൂ. മുല്ലപ്പെരിയാറിലെ ജലനിരപ്പ് വര്‍ധിച്ച് ജലം ഒഴുക്കിക്കളയേണ്ട അവസ്ഥ ഉണ്ടായാല്‍ വെള്ളം ഒഴുകിയെത്തുക ഇടുക്കി ഡാമിലാണ്. നിലവിലെ സാഹചര്യത്തില്‍ ഇടുക്കിക്ക് അത് ഉള്‍ക്കൊള്ളാനാവില്ലെന്നും കേരളം അറിയിച്ചു. കൂടാതെ പരമാവധി ജലം തമിഴ്‌നാട് കൊണ്ടു പോകണമെന്നും കേരളം ആവശ്യപ്പെട്ടു. വൈഗയിലും മധുരയിലുമായി മുല്ലപ്പെരിയാറിലെ വെള്ളം സംഭരിക്കണമെന്ന ആവശ്യവും മുന്നോട്ട് വെച്ചിട്ടുണ്ട്.