തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. അഞ്ച് ജില്ലകളില്‍ ഇന്ന് പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ടുകള്‍ പിന്‍വലിച്ചു. കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് നിലവിലുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
അതേസമയം, കേരള തീരത്ത് ഇന്ന് മുതല്‍ ബുധനാഴ്ച വരെയും ലക്ഷദ്വീപ് തീരത്ത് ഇന്ന് മുതല്‍ വ്യാഴാഴ്ച വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ മുതല്‍ മൂന്ന് ദിവസത്തേക്ക് കണ്ണൂരും കാസര്‍കോടും ഒഴികെയുള്ള 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. ബുധനാഴ്ച വരെ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്.
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തെക്കേ ഇന്ത്യന്‍ തീരത്തോട് ശക്തമായ മഴ തുടരാന്‍ കാരണം. നിലവില്‍ ശ്രീലങ്കയ്ക്ക് മുകളിലും തമിഴ്നാട് തീരത്തുമായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദം അടുത്ത രണ്ട് ദിവസത്തേക്ക് കാര്യമായി നീങ്ങാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. ഇതിന് ശേഷമാകും അറബിക്കടലിലേക്ക് നീങ്ങുകയെന്നാണ് കാലാവസ്ഥ നിരീക്ഷണം.