കണ്ണൂര്‍: പനി ബാധിച്ച പതിനൊന്നുകാരി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ പിതാവിനെയും മന്ത്രവാദ ചികിത്സ നടത്തിയ ഉസ്താദിനെയും പൊലീസ് അറസ്റ്റ് ചെയ്തു. വിശ്വാസത്തിന്റെ പേരില്‍ കുട്ടിക്ക് ചികിത്സ നിഷേധിച്ചെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ചികിത്സ നടത്താതെ കുട്ടിക്കു മന്ത്രിച്ച് ഊതിയ വെള്ളം നല്‍കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇരുവര്‍ക്കുമെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു. മരിച്ച ഫാത്തിമയുടെ പിതാവ് അബ്ദുല്‍ സത്താര്‍, മന്ത്രവാദം നടത്തിയ ഉവൈസ് എന്നിവരാണ് അറസ്റ്റിലായത്. കുടുംബത്തിലെ മൂന്ന് അംഗങ്ങള്‍ക്കൂടി നേരത്തെ സമാന സാഹചര്യത്തില്‍ മരിച്ചതായ വിവരം പുറത്തുവന്നിട്ടുണ്ട്. ഇതും അന്വേഷിക്കാനൊരുങ്ങുകയാണ് പൊലീസ്.
പനി ബാധിച്ച ഫാത്തിമയെ ആശുപത്രിയില്‍ കൊണ്ടുപോകാതെ 'ജപിച്ച് ഊതല്‍' നടത്തിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇത്തരം ദുരാചാരങ്ങളുടെ പേരിൽ കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന മരണങ്ങളെക്കുറിച്ചും പൊലീസ് വിവരശേഖരണം തുടങ്ങി.
ഞായറാഴ്ച പുലര്‍ച്ചെയാണ് കണ്ണൂര്‍ സിറ്റി നാലുവയലിലെ ഫാത്തിമ മരിച്ചത്. മൂന്ന് ദിവസം മുൻപ് പനി ബാധിച്ച ഫാത്തിമയ്ക്ക് ചികില്‍സ നല്‍കാതെ ജപിച്ച് ഊതല്‍ നടത്തുകയായിരുന്നു. ഞായറാഴ്ച ഉറങ്ങാന്‍ കിടന്ന കുട്ടിക്ക് പിന്നീട് അനക്കമില്ലാതെയായി. തുടര്‍ന്നാണ് രക്ഷിതാക്കള്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കണ്ണൂര്‍ സിറ്റി നാലുവയലിലെ ദാരുല്‍ ഹിദായത്ത് വീട്ടില്‍ സത്താറിന്റേയും സാബിറയുടേയും ഇളയമകളായിരുന്നു 11 കാരിയായ ഫാത്തിമ.
അസ്വഭാവിക മരണത്തിന് പൊലീസ് അന്ന് തന്നെ കേസ് എടുത്തിരുന്നു. പോസ്റ്റുമോര്‍ട്ടം പരിശോധനയില്‍ ശ്വാസ കോശത്തിലെ അണുബാധയാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ചികില്‍സ നിഷേധത്തിന് പൊലീസ് കേസെടുത്തത്.