കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വീണ്ടും ജലനിരപ്പ് വര്‍ധിച്ചു. ഇതേ തുടര്‍ന്ന് ഡാമിന്റെ എട്ടു ഷട്ടറുകള്‍ ഉയര്‍ത്തി. മഴയും നീരൊഴുക്കും കുറഞ്ഞതോടെ ഇന്നലെ രാവിലെ തമിഴ്‌നാട് മൂന്ന് ഷട്ടറുകള്‍ താഴ്ത്തിയിരുന്നു. തുറന്നു വച്ച ഒരു ഷട്ടറില്‍ക്കൂടി കൂടുതല്‍ വെള്ളം ഒഴുക്കുകയും ചെയ്തിരുന്നു.
എന്നാല്‍ രാത്രിയില്‍ നീരൊഴുക്ക് കൂടുകയും ജലനിരപ്പ് ഉയരുകയും ചെയ്തതോടെ ഇന്ന് രാവിലെ അഞ്ച് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി. എന്നിട്ടും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് ഉച്ചയോടെ രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 3981 ഘനയടി വെള്ളമാണ് ഇപ്പോള്‍ പുറത്തേക്ക് ഒഴുക്കി വിടുന്നത്. ഇതോടെ പെരിയാര്‍ തീരത്ത് കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതിനിടെ, തമിഴ്‌നാട് ജല വിഭവ വകുപ്പു മന്ത്രി ദുരൈ മുരുകന്‍ വെള്ളിയാഴ്ച മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കും. സുപ്രീംകോടതി നിയോഗിച്ച മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി രൂപവത്കരിച്ച ഉപസമിതി കഴിഞ്ഞ ദിവസം അണക്കെട്ടില്‍ പരിശോധന നടത്തിയിരുന്നു.\
കേന്ദ്ര ജലക്കമ്മിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ശരവണകുമാര്‍ അധ്യക്ഷനായ സമിതിയില്‍ ജലവിഭവ വകുപ്പിലെ എന്‍.എസ്. പ്രസീദ്, ഹരികുമാര്‍ എന്നിവര്‍ കേരളത്തിന്റെ പ്രതിനിധികളായും തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ സാം ഇര്‍വിന്‍, കുമാര്‍ എന്നിവര്‍ തമിഴ്നാട് പ്രതിനിധികളുമായും പങ്കെടുത്തു.
ഇതിനിടെ, സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ന് എട്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണിത്. ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ മഞ്ഞ ജാഗ്രതയും പ്രഖ്യാപിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം നിലവില്‍ കന്യാകുമാരി ഭാഗത്തും സമീപ പ്രദേശങ്ങളിലുമാണ്. 24 മണിക്കൂറിനുള്ളില്‍ തെക്കുകിഴക്കന്‍ അറബിക്കടലില്‍ പ്രവേശിക്കുന്ന ന്യൂനമര്‍ദം തുടര്‍ന്നുള്ള 48 മണിക്കൂറില്‍ വടക്ക്, വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ശക്തി പ്രാപിച്ചേക്കും എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.