ഇന്ധന നികുതിയില്‍ ഇളവില്ല: കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരം തിങ്കളാഴ്ച; ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവില്ലെന്ന് സുധാകരന്‍

ഇന്ധന നികുതിയില്‍ ഇളവില്ല: കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരം തിങ്കളാഴ്ച; ജനങ്ങള്‍ക്ക് ബുദ്ധിമുട്ട്  ഉണ്ടാവില്ലെന്ന് സുധാകരന്‍

തിരുവനന്തപുരം: ഇന്ധന നികുതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇളവ് നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ ചക്രസ്തംഭന സമരത്തിനൊരുങ്ങി കോണ്‍ഗ്രസ്. തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ചക്രസ്തംഭന സമരം നടത്തുമെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു.

ജനങ്ങള്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാത്ത രീതിയില്‍ സമരം ക്രമീകരിക്കുമെന്നും നേതാക്കന്മാര്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു. നികുതി കുറയ്ക്കില്ലെന്നത് സംസ്ഥാന സര്‍ക്കാരിന്റെ ധാര്‍ഷ്ഠ്യമാണെന്നും സുധാകരന്‍ പറഞ്ഞു.

'2014 സാമ്പത്തിക വര്‍ഷം ഒരു ലക്ഷം കോടിയില്‍ താഴെയായിരുന്നു പെട്രോളിയം ഉത്പന്നങ്ങളില്‍ നിന്നുള്ള കേന്ദ്ര സര്‍ക്കാരിന്റെ നികുതി വരുമാനം. കോവിഡ് പ്രതിസന്ധി നേരിട്ട 2020-21 സാമ്പത്തിക വര്‍ഷം 3.7 ലക്ഷം കോടിയ്ക്ക് മുകളിലാണ് വരുമാനം. ആ വര്‍ധനവ് ഉണ്ടായിട്ടും അതിന് അനുസൃതമായ രീതിയിലൊന്നുമല്ല കേന്ദ്ര സര്‍ക്കാര്‍ വില കുറച്ചത്.

നമ്മുടെ സംസ്ഥാനത്തിന്റെ കാര്യമോ, രാജ്യാന്തര വിപണിയില്‍ ക്രൂഡോയിലിന് വില കുത്തനെ കുറഞ്ഞപ്പോഴൊന്നും അതിന്റെ ഒരു ആനുകൂല്യവും ജനങ്ങള്‍ക്ക് കിട്ടിയിട്ടില്ല. കോണ്‍ഗ്രസ് രാജ്യവ്യാപകമായി നടത്തിവരുന്ന പ്രതിഷേധങ്ങളെ തുടര്‍ന്നാണ് ഇന്ധന നികുതി ഇത്രയെങ്കിലും കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായത്.' എന്ന് അദ്ദേഹം പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.