മുല്ലപ്പെരിയാറില്‍ മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി: സര്‍ക്കാര്‍ അറിഞ്ഞിട്ടില്ലെന്ന് വനം മന്ത്രി; പ്രതിഷേധമേറുന്നു

മുല്ലപ്പെരിയാറില്‍ മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി: സര്‍ക്കാര്‍ അറിഞ്ഞിട്ടില്ലെന്ന് വനം മന്ത്രി; പ്രതിഷേധമേറുന്നു

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാം പരിസരത്തെ മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയത് സര്‍ക്കാര്‍ അറിഞ്ഞിട്ടില്ലെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍.

മരം മുറിയെപ്പറ്റി മുഖ്യമന്ത്രിയോ ബന്ധപ്പെട്ട വകുപ്പോ അറിഞ്ഞത് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ കത്ത് കിട്ടിയപ്പോഴാണെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. വിഷയത്തില്‍ കേരളത്തിനുണ്ടായ വന്‍ വീഴ്ചയില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

മുല്ലപ്പെരിയാറും ബേബി ഡാമുമെല്ലാം രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ഇടയായ വിഷയങ്ങളാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അത്തരത്തിലുള്ള ഒരു പ്രശ്‌നത്തില്‍ തീരുമെനമെടുക്കുമ്പോള്‍ ഉദ്യോഗസ്ഥതലത്തില്‍ മാത്രം തീരുമാനമെടുത്താല്‍ പോരാ.

ഏത് സഹാചര്യത്തിലാണ് മരം മുറിക്കാനുള്ള തീരുമാനമെടുത്തത് എന്നത് സംബന്ധിച്ച് ഇന്ന് 11 മണിക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ചുമതലയുള്ള ചീഫ് ഫോറസ്റ്റ് ഓഫീസറോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കും.

ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് 15 മരങ്ങള്‍ മുറിക്കാന്‍ കേരളം അനുമതി നല്‍കിയതായി കഴിഞ്ഞ ദിവസം തമിഴ്നാട് വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി സ്റ്റാലിന്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ബേബി ഡാം ബലപ്പെടുത്തിയതിനു ശേഷം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്ന് അണക്കെട്ട് സന്ദര്‍ശിക്കാനെത്തിയ തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈ മുരുകന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബേബി ഡാമിനു താഴെ മൂന്ന് മരങ്ങളുണ്ട്.

അവ നീക്കം ചെയ്താല്‍ മാത്രമേ ഡാം ബലപ്പെടുത്താന്‍ സാധിക്കൂ എന്നും ദുരൈ മുരുകന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ തമിഴ്‌നാട് ആവശ്യപ്പെട്ട മൂന്ന് മരങ്ങള്‍ക്ക് പകരം 15 മരങ്ങള്‍ മുറിച്ചു മാറ്റാനാണ് ഫോറസ്റ്റ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അനുമതി നല്‍കിയിരിക്കുന്നത്.

അതേസമയം മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയതിനു പിന്നില്‍ ഹിഡന്‍ അജണ്ട ഉണ്ടെന്ന് മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. ഉദ്യോഗസ്ഥതലത്തില്‍ മാത്രമെടുക്കുന്ന തീരുമാനമാണ് ഇതെന്ന് കരുതാന്‍ കഴിയില്ല. ബേബി ഡാമിനു സമീപത്തെ മരംമുറിച്ചാല്‍ ഡാം ദുര്‍ബലമാവുമെന്ന കണ്ടെത്തലുകളുണ്ട്.

മരം മുറിക്കണമെന്ന് തമിഴ്നാട് പലതവണ ആവശ്യപ്പെട്ടിട്ടും അത് നടക്കില്ലെന്ന് കേരളം സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ഇതെല്ലാം തള്ളിക്കളഞ്ഞ് അനുമതി നല്‍കിയ ഉദ്യോഗസ്ഥന് പിന്നില്‍ ഹിഡന്‍ അജണ്ടയുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. ഇത് കടുത്ത വഞ്ചനയാണെന്നും മുഖ്യമന്ത്രിയും വനം മന്ത്രിയും അറിയാതെ ഇത്തരമൊരു നീക്കം നടക്കില്ലെന്നും എം.പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.