മോഡലുകളുടെ മരണം: ഡിജെ പാര്‍ട്ടി ദൃശ്യങ്ങള്‍ ഹോട്ടലുകാര്‍ മുക്കി

 മോഡലുകളുടെ മരണം: ഡിജെ പാര്‍ട്ടി ദൃശ്യങ്ങള്‍ ഹോട്ടലുകാര്‍ മുക്കി

കൊച്ചി: വാഹനാപകടത്തില്‍ മുന്‍ മിസ് കേരള അന്‍സി കബീര്‍, റണ്ണറപ്പ് അഞ്ജന ഷാജനും ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ച സംഭവത്തില്‍ ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങളുള്ള ഹാര്‍ഡ് ഡിസ്‌ക് ഹോട്ടലുകാര്‍ ഒളിപ്പിച്ചെന്ന് റിപ്പോര്‍ട്ട്. ഹോട്ടലില്‍ നടന്ന ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ പൊലീസ് പരിശോധനയില്‍ കണ്ടെത്താനായില്ല. അപകടത്തിനു പിറ്റേന്നു തന്നെ ഹാര്‍ഡ് ഡിസ്‌ക് മാറ്റിയതായും സംശയിക്കുന്നു. ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ പൊലീസ് വീണ്ടു റെയ്ഡ് നടത്തുന്നുണ്ട്. ഹോട്ടലില്‍ ഇന്നലെയും പൊലീസ് പരിശോധന നടത്തിയിരുന്നു.

പാര്‍ട്ടിയില്‍ പങ്കെടുത്തു മടങ്ങവെ നവംബര്‍ ഒന്നിനു പുലര്‍ച്ചെയാണ് അപകടം. അപകടത്തില്‍ 2019ലെ മിസ് കേരള അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന തൃശൂര്‍ വെമ്പല്ലൂര്‍ സ്വദേശി കെ.എ മുഹമ്മദ് ആഷിഖ് തലയ്ക്കു ഗുരുതരമായി പരുക്കേറ്റു ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചു.

ഇവര്‍ സഞ്ചരിച്ച കാറിന്റെ ഡ്രൈവര്‍ മാള സ്വദേശി അബ്ദുല്‍ റഹ്മാനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ മദ്യപിച്ചാണു വാഹനം ഓടിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. തുടര്‍ന്നു നടത്തിയ അന്വേഷണമാണ് ഹോട്ടലില്‍ പരിശോധന നടത്തുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.