തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി കരയിലേക്ക് അടുക്കുന്നു. ഇന്ന് വൈകുന്നേരത്തോടെ കരതൊടുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഇന്ന് ഒൻപത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യതയെന്നാണ് അറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഞ്ഞ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. നവംബര്‍ 14 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഞായറാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം തമിഴ്നാട്ടില്‍ മഴയ്ക്ക് ശമനമില്ലാതെ തുടരുകയാണ്. ചെന്നൈ ഉള്‍പ്പെടെ ആറ് ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാഞ്ചീപുരം, ചെങ്കല്‍പേട്ട്, വിഴിപ്പുരം, തിരുവള്ളൂര്‍, തിരുവണ്ണാമലൈ ജില്ലകളിലാണ് നാളെ വരെ അതിജാഗ്രതാ നിര്‍ദ്ദേശമുള്ളത്.
ചെന്നെയില്‍ മഴ നിര്‍ത്താതെ തുടരുകയാണ്. നഗരത്തിലെ ഭൂരിഭാഗം ഇടങ്ങളിലും വെള്ളക്കെട്ട് തുടരുന്നുണ്ട്. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുന്‍കരുതലിനായി ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകളേയും അഗ്നിരക്ഷാ സേനയേയും സജ്ജമാക്കിയിട്ടുണ്ട്.
75000 പൊലീസുകാരയാണ് സംസ്ഥാനത്തുടനീളം വിന്യസിച്ചിട്ടുള്ളത്. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ ക്യാംപുകളിലും പൊലിസ് സേന സജ്ജമാണ്. സംസ്ഥാനത്തെ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസത്തേയ്ക്ക് അവധി പ്രഖ്യാപിച്ചു. ചെന്നൈയില്‍ മാത്രം 146 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവര്‍ത്തിക്കുന്നുണ്ട്.