നെന്മാറ: കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരിച്ചയാളുടെ മൃതദേഹവുമായി ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധം. കാട്ടുപന്നിയുടെ ശല്യം തടയാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നെന്മാറ ഡി.എഫ്.ഒ ഓഫീസിന് മുന്നിലാണ് മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചത്. രമ്യ ഹരിദാസ് എം.പിയാണ് സമരം ഉദ്ഘാടനം ചെയ്തത്.
ഡി.എഫ്.ഒ ഓഫീസിന് പുറത്ത് റോഡില്‍ മൃതദേഹം കിടത്തി പ്രതിഷേധക്കാര്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. വ്യാഴാഴ്ച ടാപ്പിങ്ങിനിടെയാണ് അയിലൂര്‍ ഒലിപ്പാറ കണിക്കുന്നേല്‍ മാണി കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരിച്ചത്. പലതവണ പരാതി പറഞ്ഞിട്ടും പ്രതിരോധ നടപടികള്‍ ഉണ്ടായില്ല എന്ന് ആരോപിച്ചാണ് സമരം.
ഇനി ഒരു രക്തസാക്ഷി കൂടി ഉണ്ടാവരുത് അതിനായി കാട്ടുപന്നികളുടെ ശല്യം തടയാന്‍ നടപടി വേണം എന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. കാട്ടുപന്നി ശല്യം വ്യാപകമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇടയ്ക്ക് റബ്ബര്‍ തോട്ടങ്ങളിലും മറ്റും പുലിയുടെ സാന്നിധ്യം കാണപ്പെട്ടിരുന്നു.
കാട്ടുപന്നിയെ വെടിവെച്ചു കൊല്ലുന്നതിനുള്ള നിയമം നിലവിലുണ്ടായിട്ടും അതിനുള്ള നടപടികള്‍ വനം വകുപ്പ് സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.