തിരുവനന്തപുരം: അനുപമയുമായി ബന്ധപ്പെട്ട ദത്ത് വിവാദം മുഖ്യമന്ത്രി നേരത്തെ അറിഞ്ഞിരുന്നുവെന്ന് സൂചന. ഇതുസംബന്ധിച്ച ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. പരാതിക്കാരി അനുപമയും സിപിഎം നേതാവ് പി.കെ ശ്രീമതിയും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്.
അനുപമയും മാതാപിതാക്കളും തമ്മിലുള്ള വിഷയമാണ് ഇത്. നമുക്ക് വിഷയത്തില്‍ റോളില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതായി പി.കെ ശ്രീമതി ഫോണില്‍ പറയുന്നത് വ്യക്തമാണ്. മാധ്യമങ്ങളിലൂടെ വാര്‍ത്ത പുറത്തുവരുന്നതിനു മുന്‍പ് ഇരുവരും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
താന്‍ ഈ വിഷയം പരിഹരിക്കാന്‍ ഇടപെടല്‍ നടത്തിയിരുന്നു. എന്നാല്‍ പരിഹാരമുണ്ടായില്ല. വിഷയത്തില്‍ ഇടപെടാന്‍ താന്‍ നിസഹായയാണ്. തന്റെ ജില്ലയിലുള്ള വിഷയമല്ല ഇതെന്നും പറയുന്നുണ്ട്. താന്‍ മുഖ്യമന്ത്രിയോട് സംസാരിച്ചു. ആ കുട്ടിയും അച്ഛനും അമ്മയുമായി ബന്ധപ്പെട്ട വിഷയമാണ്. നമുക്കതില്‍ റോളില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതായാണ് ശ്രീമതി സംസാരത്തില്‍ വ്യക്തമാക്കുന്നത്.
അച്ഛനും അമ്മയും പാര്‍ട്ടി മെമ്പറല്ലേ, പാര്‍ട്ടിക്കൊന്നും അവര്‍ക്കെതിരേ ചെയ്യാന്‍ പറ്റില്ലേ എന്ന് അനുപമ ചോദിക്കുന്നുണ്ട്. നിന്റെ അച്ഛനും അമ്മയുമായതുകൊണ്ടാണ്. വേറെ ആരെങ്കിലും ആയിരുന്നെങ്കില്‍ ചെയ്തേനെയെന്ന് ശ്രീമതി മറുപടി പറയുന്നുമുണ്ട്. അനുപമ പരാതിയറിയച്ചതു പ്രകാരം സിപിഎം നേതാവ് വൃന്ദ കാരാട്ട് കോടിയേരി ബാലകൃഷ്ണനുമായി വിഷയം സംസാരിച്ചിരുന്നുവെന്നും ശ്രീമതി പറയുന്നു.
മാധ്യമങ്ങളിലൂടെയാണ് മുഖ്യമന്ത്രിയും നേതാക്കളും ഈ വിഷയം അറിഞ്ഞത് എന്നായിരുന്നു നേരത്തെ സിപിഎം പ്രതികരിച്ചത്.