സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴ; എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ടിന് സമാനമായ മുന്നൊരുക്കങ്ങള്‍ക്ക് നിര്‍ദേശം

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴ; എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ടിന് സമാനമായ മുന്നൊരുക്കങ്ങള്‍ക്ക് നിര്‍ദേശം

തിരുവനന്തപുരം: കേരളത്തില്‍ ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക്  സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ടിന് സമാനമായ മുന്നൊരുക്കങ്ങള്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.

ഞായറാഴ്ച ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മലയോര മേഖലകളില്‍ കടുത്ത ജാഗ്രത വേണമെന്നും നിര്‍ദേശമുണ്ട്.. പ്രളയ സാധ്യതയും മണ്ണിടിച്ചിലുണ്ടാകാവുന്നതുമായ പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ മാറി താമസിക്കണം.

തമിഴ്‌നാടിന് മുകളിലെ ചക്രവതച്ചുഴി അറബി കടലിലേക്ക് നീങ്ങുന്നതിനാല്‍ പടിഞ്ഞാറന്‍ കാറ്റ് സജീവമാകുന്നതാണ് മഴയ്ക്ക് കാരണം. ബംഗാള്‍ ഉള്‍ക്കടലിലെ പുതിയ ന്യൂനമര്‍ദ്ദം 48 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിച്ചു ആന്ധ്രാ തീരത്ത് പ്രവേശിക്കും.

ശക്തമായ മഴ തുടരുന്നതിനാല്‍ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങള്‍ ഉണ്ടാകുവാനും സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇത് മുന്നില്‍ കണ്ടുകൊണ്ടുള്ള മുന്‍ കരുതലുകള്‍ അധികൃതരും പൊതുജനങ്ങളും സ്വീകരിക്കണം. അതിതീവ്രമായ മഴ ലഭിക്കുന്ന സാഹചര്യം ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാന്‍ സാധ്യത കൂടുതലാണ്. ഇത് മുന്നില്‍ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തേണ്ടി വരും.

ഡാമുകളുടെ റൂള്‍ കര്‍വുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെറിയ ഡാമുകളില്‍ നേരത്തെ തന്നെ തയ്യാറെടുപ്പുകള്‍ നടത്താനും വൈദ്യുതി, ജലവിഭവ, പൊതുമരാമത്ത് വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. നദികളിലെ ജലനിരപ്പ് ഉയരുന്നത് സംബന്ധിച്ച് പ്രത്യേകം നിരീക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.