കൊച്ചി: മുന്‍ മിസ് കേരളയടക്കം മൂന്ന് പേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ദുരൂഹത മുറുകുന്നു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായകമാകുന്നു. ഹോട്ടലില്‍ നടന്ന ഡിജെ പാര്‍ട്ടിയ്ക്കിടെ തര്‍ക്കം ഉണ്ടായിട്ടുണ്ടോ എന്ന സംശയം അന്വേഷണ സംഘത്തിനുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഹോട്ടലുടമയുടെ നിര്‍ദേശപ്രകാരം ജീവനക്കാര്‍ ദൃശ്യങ്ങള്‍ നശിപ്പിച്ചുവെന്നാണ് സൂചന.ഡി ജെ പാര്‍ട്ടി നടന്ന ഹാളിലെയും പാര്‍ക്കിംഗ് ഏരിയയിലെയും ദൃശ്യങ്ങള്‍ മാത്രമാണ് നശിപ്പിക്കപ്പെട്ടത്. ഇതാണ് സംശയത്തിനിടയാക്കിയത്. ഹോട്ടലില്‍ എന്തോ പ്രശ്‌നങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് അപകടം നടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് അപകടം നടന്ന സ്ഥലംവരെ രണ്ട് വാഹനങ്ങള്‍ മുന്‍ മിസ് കേരളയും സുഹൃത്തുക്കളും സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്നിട്ടുണ്ട്. ഇതിലൊന്നിലായിരുന്നു എറണാകുളം സ്വദേശി സൈജു തങ്കച്ചന്‍ ഉണ്ടായിരുന്നത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ സൈജു പലതും മറച്ചുവയ്ക്കുന്നുണ്ടോയെന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. അപകടം നടന്ന സ്ഥലത്തേക്ക് കാറിനെ പിന്തുടര്‍ന്ന് ഹോട്ടലുടമ എത്തിയതായും പൊലീസിന് സംശയമുണ്ട്. ഇയാളെ ഇതുവരെ ചോദ്യം ചെയ്യാന്‍ പൊലീസിന് സാധിച്ചിട്ടില്ല.