പുനസംഘടനയില്‍ അതൃപ്തി; ഉമ്മന്‍ ചാണ്ടി നാളെ സോണിയയെ കാണും

പുനസംഘടനയില്‍ അതൃപ്തി; ഉമ്മന്‍ ചാണ്ടി നാളെ സോണിയയെ കാണും

ന്യൂഡല്‍ഹി: കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട അതൃപ്തി ഹൈക്കമാന്‍ഡിനെ അറിയിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി ഡല്‍ഹിയിലെത്തി. നാളെ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ കാണുന്ന ഉമ്മന്‍ ചാണ്ടി പുനസംഘടന നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെടുമെന്നാണ് സൂചന.

സംഘടന തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ പുനസംഘടന പാടില്ലെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ നിലാപാട്. പാര്‍ട്ടിയിലെ ഭൂരിഭാഗവും ഈ ആവശ്യം ഉന്നയിക്കുന്നവരാണെന്നും ഗ്രൂപ്പുകള്‍ പറയുന്നു. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാനും പ്രതിഷേധം രേഖപ്പെടുത്താനുമാണ് ഉമ്മന്‍ചാണ്ടി സോണിയയെ കാണുന്നത്.

സംഘടനാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എ,ഐ ഗ്രൂപ്പുകള്‍ ഒന്നിച്ചിരിക്കുകയാണ്. സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ള കെ സുധാകന്റേയും വി.ഡി സതീശന്റേയും പ്രവര്‍ത്തന രീതികളോട് പരസ്യമായി വിമര്‍ശനം രേഖപ്പെടുത്തി ഗ്രൂപ്പ് നേതാക്കള്‍ രംഗത്ത് വന്നിരുന്നു.

സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ പുനസംഘടന വേണ്ടെന്ന എ ഐ ഗ്രൂപ്പുകളുടെ ആവശ്യം നേരത്തെ കെപിസിസി തള്ളിയിരുന്നു. പിന്നാലെ ഡിസിസി പുന സംഘടന നടത്താന്‍ തീരുമാനമായിരുന്നു. അംഗത്വ വിതരണം യൂണിറ്റ് തലത്തില്‍ തടത്താനും കെപിസിസി അധ്യക്ഷന്‍ തീരുമാനിച്ചു.

ബൂത്തിന് താഴെ യൂണിറ്റ് കമ്മിറ്റികളിലും അംഗത്വ വിതരണം നടത്തുന്നതിനെ ഗ്രൂപ്പുകള്‍ ശക്തമായി ഏതിര്‍ത്തു. സുധാകരന്‍ പുതുതായി രൂപീകരിച്ച യൂണിറ്റ് കമ്മിറ്റികള്‍ കെ.എസ് ബ്രിഗേഡെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ ആരോപണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.