സോണിയ ഗാന്ധിയെ കണ്ടെങ്കിലും വിശദാംശങ്ങള്‍ വ്യക്തമാക്കാതെ ഉമ്മന്‍ ചാണ്ടി; എല്ലാം പരിഗണിക്കപ്പെടും എന്നു മാത്രം പ്രതികരണം

സോണിയ ഗാന്ധിയെ കണ്ടെങ്കിലും വിശദാംശങ്ങള്‍ വ്യക്തമാക്കാതെ ഉമ്മന്‍ ചാണ്ടി; എല്ലാം പരിഗണിക്കപ്പെടും എന്നു മാത്രം പ്രതികരണം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ട ശേഷം പുറത്തെത്തിയ ഉമ്മന്‍ ചാണ്ടി മാധ്യമ പ്രവര്‍ത്തകരുടെ പല ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറി. പാര്‍ട്ടി ദേശീയ തലത്തില്‍ സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ പുനസംഘടന നടത്തുന്നതിനെ കുറിച്ച് തനിക്ക് വ്യക്തമായ അഭിപ്രായമുണ്ടെന്നും അത് മാധ്യമങ്ങളോട് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പുനസംഘടന നിര്‍ത്തിവെക്കണമെന്ന അഭിപ്രായമാണോ എന്ന് മാധ്യമങ്ങള്‍ ചോദിച്ചെങ്കിലും അങ്ങനെ പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞു മാറുകയായിരുന്നു. പ്രശ്നങ്ങള്‍ സോണിയ ഗാന്ധിയെ അറിയിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസിനുള്ളിലെ പ്രശ്നങ്ങള്‍ക്ക് കോണ്‍ഗ്രസില്‍ തന്നെ പരിഹാരമാകുമെന്നും മാത്രമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.

രാഷ്ട്രീയകാര്യ സമിതിയെ നോക്കുകുത്തിയാക്കി സംസ്ഥാന നേതൃത്വം തീരുമാനമെടുക്കുന്നതിലേയും അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്നതിലേയും എതിര്‍പ്പ് ഉമ്മന്‍ചാണ്ടി അറിയിച്ചുവെന്നാണ് സൂചന. മാധ്യമ പ്രവര്‍ത്തകര്‍ ഇക്കാര്യം ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും പറയാവുന്നത്ര കാര്യങ്ങള്‍ പറഞ്ഞുകഴിഞ്ഞുവെന്നാണ് അദ്ദേഹം പ്രതികരിച്ചത്. പറയേണ്ട കാര്യങ്ങളെല്ലാം പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പ്രവര്‍ത്തനത്തെ ബാധിക്കുമെന്നതിനാല്‍ പുനസംഘടന നടത്താതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചത്. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും പുനസംഘടന നടത്തുന്നത് ഉത്തരേന്ത്യയില്‍ പതിവാണെന്നും മുതിര്‍ന്ന നേതാക്കള്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ അവരുടെ അഭിപ്രായം പരിഗണിക്കുമെന്നും സതീശന്‍ പറഞ്ഞിരുന്നു.

അതേസമയം, പുനസംഘടന സംബന്ധിച്ച് ഉമ്മന്‍ ചാണ്ടിക്ക് അസംതൃപ്തിയുണ്ടെന്ന് കേരളത്തിന്റെ ചുമതലയുള്ള താരീഖ് അന്‍വര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കെ.സി വേണുഗോപാലുമായും ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തിയിരുന്നു. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുനസംഘടന വേണ്ടെന്ന നിലപാടാണ് ഗ്രൂപ്പുകള്‍ക്കുള്ളത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.