അമേരിക്കയില്‍ മലയാളി പെണ്‍കുട്ടി വെടിയേറ്റു മരിച്ചു

അമേരിക്കയില്‍ മലയാളി പെണ്‍കുട്ടി വെടിയേറ്റു മരിച്ചു

അലബാമ: അമേരിക്കയിലെ അലബാമ സംസ്ഥാനത്ത് മലയാളി പെണ്‍കുട്ടി വെടിയേറ്റു മരിച്ചു. തിരുവല്ല സ്വദേശി മറിയം സൂസന്‍ മാത്യു (19) ആണ് മരിച്ചത്. അലബാമയുടെ തലസ്ഥാനമായ മോണ്ട് ഗോമറിയിലെ വീട്ടില്‍ പ്രാദേശിക സമയം തിങ്കളാഴ്ച്ച രാവിലെ എട്ടരയോടെയാണു സംഭവം. പെണ്‍കുട്ടി താമസിച്ചിരുന്ന വീടിന് മുകളിലത്തെ നിലയില്‍ താമസിക്കുന്നയാളാണ് വെടിയുതിര്‍ത്തത്. ഇയാളുടെ തോക്കില്‍ നിന്നുള്ള വെടിയുണ്ട സീലിംഗ് തുളച്ച് താഴത്തെ നിലയില്‍ ഉറങ്ങുകയായിരുന്ന മറിയം സൂസന്‍ മാത്യുവിന്റെ ശരീരത്തില്‍ തുളച്ചുകയറുകയായിരുന്നു.

സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവല്ല നോര്‍ത്ത് നിരണം ഇടപ്പള്ളി പറമ്പില്‍ വീട്ടില്‍ ബോബന്‍ മാത്യൂവിന്റെയും ബിന്‍സിയുടെയും മകളാണ്. ബിമല്‍, ബേസല്‍ എന്നിവര്‍ സഹോദരങ്ങളാണ്. മസ്‌കറ്റില്‍ പ്ലസ് ടു കഴിഞ്ഞ മറിയം ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് അമേരിക്കയില്‍ എത്തിയത്.

നിരണം വടക്കുംഭാഗം സെന്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവകാംഗമായ ബോബന്‍ മാത്യൂ മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസന കൗണ്‍സില്‍ അംഗമാണ്. മസ്‌ക്കറ്റ് സെന്റ് ഓര്‍ത്തോഡോക്‌സ് ഇടവക സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

പോലിസ് അധികാരികളില്‍ നിന്ന് മൃതുദേഹം ലഭിക്കുന്നതനുസരിച്ച് അലബാമയില്‍ പൊതുദര്‍ശനത്തിനും സംസ്‌കാര ശുശ്രൂഷകള്‍ക്കും ശേഷം കേരളത്തിലേക്കു കൊണ്ടുവരും.

ഒരു മാസത്തിനിടെ രണ്ട് മലയാളികളാണ് അമേരിക്കയില്‍ വെടിയേറ്റു മരിച്ചത്. ഡാളസില്‍ ബ്യൂട്ടി സപ്ലൈ സ്റ്റോര്‍ നടത്തിയിരുന്ന കോഴഞ്ചേരി ചെരുവില്‍ കുടുംബാംഗമായ സാജന്‍ മാത്യൂസ് (56) കഴിഞ്ഞ 17-നാണു വെടിയേറ്റു മരിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.