കര്‍ണാടകയിലെ ഹസനില്‍ ഹൃദയാഘാത മരണങ്ങള്‍ കൂടുന്നു; ഒരു മാസത്തിനിടെ 21 മരണം: അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്

കര്‍ണാടകയിലെ ഹസനില്‍ ഹൃദയാഘാത മരണങ്ങള്‍ കൂടുന്നു; ഒരു മാസത്തിനിടെ 21 മരണം: അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്

ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസത്തിനിടെ ഹസനില്‍ മരിച്ചവര്‍.

ബംഗളുരു: ദക്ഷിണ കര്‍ണാടകയിലെ ഹസന്‍ ജില്ലയില്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 21 പേര്‍ ഹൃദയാഘാതം വന്ന് മരിച്ചുവെന്ന് റിപ്പോര്‍ട്ട്. ആശങ്കയേറിയ സംഭവത്തില്‍ ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു അന്വേഷണത്തിന് ഉത്തരവിട്ടു.

തിങ്കളാഴ്ച നാല് പേരാണ് മരിച്ചത്. ഇതോടെ 40 ദിവസത്തിനുള്ളില്‍ ഹൃദയാഘാതം മൂലം മരിച്ചവരുടെ എണ്ണം 22 ആയി. മരണമടഞ്ഞവരില്‍ ഭൂരിഭാഗവും ചെറുപ്പക്കാരോ മധ്യവയസ്‌കരോ ആണ്. 22 മരണങ്ങളില്‍ അഞ്ചെണ്ണം 19 നും 25 നും ഇടയില്‍ പ്രായമുള്ളവരും എട്ടെണ്ണം 25 നും 45 നും ഇടയില്‍ പ്രായമുള്ളവരുമാണ്.

ബാക്കി വരുന്നവര്‍ 60 വയസിന് മുകളിലുള്ളവരാണ്. അതേസമയം, മരിച്ചവര്‍ക്ക് മറ്റ് രോഗങ്ങളുണ്ടായിരുന്നോ എന്നത് സംബന്ധിച്ച വിവരം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ വ്യക്തമാകൂ എന്ന് ജില്ലാ ആരോഗ്യ ഓഫീസര്‍ ഡോ. അനില്‍ കുമാര്‍ പറഞ്ഞു.

ഹൃദയാഘാത കേസുകള്‍ വര്‍ധിക്കുന്നത് ആരോഗ്യ വകുപ്പ് ഗൗരവമായി എടുത്തിട്ടുണ്ടെന്ന് മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. വര്‍ധിച്ചു വരുന്ന ഹൃദയാഘാതങ്ങളെക്കുറിച്ച് ജയദേവ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ അധ്യക്ഷതയില്‍ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദേഹം അറിയിച്ചു.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഹസനില്‍ 507 ഹൃദയാഘാത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ജില്ലാ ആരോഗ്യ, കുടുംബക്ഷേമ വകുപ്പില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 190 എണ്ണം മാരകമായിരുന്നു. ഈ പ്രദേശത്ത് കുറച്ചു നാളുകളായി ആശങ്കയുണ്ടെങ്കിലും പ്രായം കുറഞ്ഞവരുടെ മരണങ്ങള്‍ ഏറെ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.

പെട്ടെന്നുള്ള ഹൃദയാഘാതം തടയുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 'പുനീത് രാജ്കുമാര്‍ ഹാര്‍ട്ട് ജ്യോതി പദ്ധതി' നടപ്പാക്കിയിട്ടുണ്ട്. ചെറുപ്പക്കാര്‍ക്കിടയിലുള്ള ഹൃദയാഘാത കേസുകളുടെ പെട്ടെന്നുള്ള വര്‍ധന, നിലവിലുള്ള പ്രതിരോധ നടപടികള്‍ പുനപരിശോധിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചിട്ടുണ്ട്.

പുകവലി, മദ്യപാനം, പുകയില ചവയ്ക്കല്‍, സമ്മര്‍ദ്ദം, പൊണ്ണത്തടി, ജനിതക മുന്‍കരുതല്‍ തുടങ്ങിയ ജീവിതശൈലി ഘടകങ്ങള്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ വ്യക്തമാക്കുന്നു. എന്നിരുന്നാലും ഹസനിലെ മരണങ്ങള്‍ ഏത് വിഭാഗത്തില്‍പെടുമെന്നതില്‍ വ്യക്തത കൈവന്നിട്ടില്ല.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.