ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനം ദുരന്തം നടന്ന് രണ്ടാം ദിവസം എയര്‍ ഇന്ത്യയുടെ തന്നെ ഡല്‍ഹി-വിയന്ന വിമാനം അപകടത്തില്‍ നിന്ന് രക്ഷപെട്ടത് തലനാരിഴയ്‌ക്കെന്ന് വിവരം. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സംഭവത്തെ തുടര്‍ന്ന് അന്വേഷണം കഴിയുന്നത് വരെ വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരേയും ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി. ജൂണ്‍ 14 ന് പുലര്‍ച്ച 2:56 ന് ഡല്‍ഹിയില്‍ നിന്ന് പറന്നുയര്‍ന്ന എഐ-187 ബോയിങ് 777 വിമാനം പെട്ടെന്ന് 900 അടി താഴ്ചയിലേക്ക് വന്നെന്നാണ് റിപ്പോര്‍ട്ട്.
വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയിലും പൈലറ്റുമാര്‍ നടത്തിയ അടിയന്തര ഇടപെടലിനെ തുടര്‍ന്ന് വിമാനം സുരക്ഷിതമായി യാത്ര തുടര്‍ന്നെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
പെട്ടെന്ന് ഉയരത്തില്‍ നിന്ന് താഴേക്ക് വന്നെങ്കിലും വിമാനത്തിന്റെ നിയന്ത്രണം തിരിച്ചു പിടിക്കാനായി. പിന്നീട് ഒമ്പത് മണിക്കൂറിലേറെ നീണ്ട യാത്രയ്ക്ക് ശേഷം വിയന്നയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.
'പൈലറ്റുമാരില്‍ നിന്നുള്ള റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് വിവരം സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലിനെ ധരിപ്പിച്ചിട്ടുണ്ട്. വിമാനത്തിലെ റെക്കോര്‍ഡുകളില്‍ നിന്നുള്ള വിവരങ്ങള്‍ ലഭിച്ചതനുസരിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചു. അന്വേഷണ റിപ്പോര്‍ട്ട് വരുന്നത് വരെ പൈലറ്റുമാരെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്തിയിട്ടുണ്ട്'- എയര്‍ഇന്ത്യ വക്താവ് പറഞ്ഞു.
സംഭവത്തില്‍ ഡിജിസിഎയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിശദീകരണം തേടി എയര്‍ ഇന്ത്യയുടെ സുരക്ഷാ വിഭാഗം തലവനെ വിളിപ്പിക്കുകയും ചെയ്തു.
ജൂണ്‍ 12 നാണ് അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യയുടെ ബോയിങ് ഡ്രീംലൈനര്‍ 787-8 വിമാനം തകര്‍ന്നു വീണത്. ഈ അപകടം നടന്ന് ഏകദേശം 48 മണിക്കൂര്‍ തികയുന്നതിന് മുന്‍പാണ് ഡല്‍ഹി-വിയന്ന വിമാനം അപകടത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപെട്ടത്.