ജീവിക്കാന്‍ ഏറ്റവും ചെലവേറിയ നഗരമായി ടെല്‍-അവീവ്; പാരീസും സിംഗപ്പൂരും രണ്ടാമത്

ജീവിക്കാന്‍ ഏറ്റവും ചെലവേറിയ നഗരമായി ടെല്‍-അവീവ്;  പാരീസും സിംഗപ്പൂരും രണ്ടാമത്

ടെല്‍ അവീവ്: ലോകത്ത് ജീവിക്കാന്‍ ഏറ്റവും ചെലവേറിയ നഗരങ്ങളില്‍ ഒന്നാം സ്ഥാനം ഇസ്രായേലിലെ ടെല്‍-അവീവിന്. പാരീസിനെയും സിംഗപ്പൂരിനെയുമൊക്കെ കടത്തിവെട്ടിയാണ് ടെല്‍-അവീവ് ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റിന്റെ സര്‍വേയില്‍ ഒന്നാമതെത്തിയത്. കഴിഞ്ഞ ദിവസമാണ് സര്‍വേ പ്രസിദ്ധീകരിച്ചത്. അഞ്ച് സ്ഥാനം മറികടന്നാണ് ടെല്‍ അവീവ് ഇക്കുറി ഒന്നാമതെത്തിയത്.

ലോകത്തിലെ 173 നഗരങ്ങളിലെ ജീവിതച്ചെലവുകള്‍ അമേരിക്കന്‍ ഡോളറില്‍ കണക്കാക്കിയാണ് പട്ടിക തയ്യാറാക്കുന്നത്. ഇവിടങ്ങളിലെ ചരക്കുകളുടെയും സേവനങ്ങളുടെയും വില താരതമ്യം ചെയ്താണ് ജീവിതച്ചെലവേറിയ നഗരം കണ്ടെത്തിയത്. യു.എസ് ഡോളറിനെതിരേ ഇസ്രായേല്‍ കറന്‍സിയായ ഷെകലിന്റെ മൂല്യം ഉയര്‍ന്നതും പലചരക്കുകള്‍ക്കും ഗതാഗതത്തിനും വിലയേറിയതുമാണ് ടെല്‍-അവീവിനെ ചെലവേറിയതാക്കുന്നത്. നഗരത്തിലെ യാത്രച്ചെലവും സാധനങ്ങളുടെ വിലയും കുത്തനെ ഉയര്‍ന്നു.

ഫ്രഞ്ച് തലസ്ഥാനമായ പാരിസും സിംഗപ്പൂരുമാണ് രണ്ടാം സ്ഥാനത്തുള്ളത്. സൂറിച്ച്, ഹോങ്കോങ് എന്നിവയാണ് നാലും അഞ്ചും സ്ഥാനത്തുള്ളത്. ന്യൂയോര്‍ക്ക് ആറാം സ്ഥാനത്തും ജനീവ ഏഴാമതുമാണ്. കോപന്‍ഹേഗന്‍-എട്ട്, ലോസ് ആഞ്ചലസ്-ഒമ്പത്, ഒസാക്ക-10 എന്നിങ്ങനെയാണ് ചെലവേറിയ മറ്റ് നഗരങ്ങള്‍. ലണ്ടന്‍ 17-ാം സ്ഥാനത്തെത്തും സിഡ്നി 14-ലും മെല്‍ബണ്‍ 16-ാം സ്ഥാനത്തുമായിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ സര്‍വേയില്‍ പാരീസ്, ഹോങ്കോങ്, സൂറിച്ച് എന്നിവയായിരുന്നു ഒന്നാം സ്ഥാനം പങ്കിട്ടെടുത്തത്.

കോവിഡ് മൂലമുള്ള സാമൂഹിക നിയന്ത്രണങ്ങള്‍ ചരക്കുകളുടെ വിതരണത്തെ തടസ്സപ്പെടുത്തി, ക്ഷാമത്തിനും ഉയര്‍ന്ന വിലയ്ക്കും കാരണമായി-എക്കണോമിക് ഇന്റലിജന്‍സ് യൂണിറ്റ് മേധാവി ഉപാസന ദത്ത് പറഞ്ഞു. പെട്രോള്‍ വിലയിലെ വര്‍ധന ഈ വര്‍ഷത്തെ സൂചികയില്‍ വ്യക്തമായി കാണാന്‍ കഴിയുമെന്ന് അവര്‍ പറഞ്ഞു.

യുഎസ് ഉപരോധം വില വര്‍ധിപ്പിക്കുകയും ക്ഷാമം ഉണ്ടാക്കുകയും ചെയ്തതിനാല്‍ ഇറാന്റെ തലസ്ഥാനം റാങ്കിംഗില്‍ 79-ല്‍ നിന്ന് 29-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ലോകത്തിലെ ഏറ്റവും ചെലവുകുറഞ്ഞ നഗരമായി സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസ് തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം സ്ഥാനം ലിബിയന്‍ തലസ്ഥാനം ട്രിപ്പോളിക്കാണ്.

ഗുജറാത്തിലെ അഹമ്മദാബാദ് ലോകത്തില്‍ ഏറ്റവും ജീവിതച്ചെലവ് കുറഞ്ഞ ഏഴാമത്തെ നഗരമായി. പാക്ക് നഗരമായ കറാച്ചി ആറാം സ്ഥാനത്തുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.