ദക്ഷിണ കൊറിയന്‍ സിനിമ കണ്ട 14 വയസുകാരന് ഉത്തര കൊറിയയില്‍ 14 വര്‍ഷം തടവ്

ദക്ഷിണ കൊറിയന്‍ സിനിമ കണ്ട 14 വയസുകാരന് ഉത്തര കൊറിയയില്‍ 14 വര്‍ഷം തടവ്

പ്യോങ്‌യാങ്: ദക്ഷിണ കൊറിയന്‍ സിനിമയായ ദി അങ്കിള്‍ അഞ്ച് മിനിറ്റ് കണ്ടതിന് ഉത്തരകൊറിയയിലെ 14 വയസുകാരനായ വിദ്യാര്‍ഥിക്ക് 14 വര്‍ഷം തടവുശിക്ഷയും നിര്‍ബന്ധിത ബാലവേലയും വിധിച്ച് കിം ജോങ് ഉന്‍ സര്‍ക്കാര്‍. ദക്ഷിണ കൊറിയന്‍ സംവിധായകനായ കിം ഹ്യോങ് ജിന്‍ സംവിധാനം ചെയ്ത ചിത്രമാണ് ദി അങ്കിള്‍. കൊറിയയിലെ ഹൈസാന്‍ സിറ്റി മിഡില്‍ സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. ഖനികള്‍, കൃഷിയിടങ്ങള്‍, നിര്‍മ്മാണ മേഖലകള്‍ എന്നിവിടങ്ങളില്‍ നിര്‍ബന്ധിത വേല ചെയ്യിക്കുന്ന ശിക്ഷാ നടപടിയാണിത്.

എന്നാല്‍ ശിക്ഷ ഇതില്‍ ഒതുങ്ങില്ലെന്നും വളര്‍ത്തുദോഷം ആരോപിച്ച് കുട്ടിയുടെ മാതാപിതാക്കളെയും ശിക്ഷിക്കാന്‍ സാധ്യതയുണ്ടെന്നും രാജ്യാന്തര മാധ്യമങ്ങള്‍ സംശയം പ്രകടിപ്പിക്കുന്നു. ശക്തവും വിചിത്രവുമായ സാംസ്‌കാരിക നിയമങ്ങളുളള ഉത്തരകൊറിയയില്‍ ദക്ഷിണ കൊറിയയില്‍ നിന്നോ യുഎസില്‍ നിന്നോ ഉളള സിനിമകള്‍ കാണുന്നത് കുറ്റകരമാണ്. ഇതിന്റെ പേരില്‍ പലരെയും ശിക്ഷിച്ചിട്ടുണ്ട്.

ദക്ഷിണ കൊറിയ, യുഎസ് തുടങ്ങിയ 'ശത്രു രാജ്യങ്ങളില്‍' നിന്നുള്ള സിനിമകള്‍ കാണുന്നതിനോ, ഇറക്കുമതി ചെയ്യുന്നതിനോ ഉപരോധമുണ്ട്. ഇവിടങ്ങളിലെ സിനിമ, സംഗീതം, പുസ്തകങ്ങള്‍ തുടങ്ങിയവ യുവാക്കളില്‍ വിഷവിത്ത് പാകുമെന്നും അവരെ വഴിതെറ്റിക്കുമെന്നും ഉത്തരകൊറിയന്‍ ഭരണകൂടം ഏക്കാലവും നിലപാടുകളെത്തിട്ടുണ്ട്. ഇപ്പോഴത്തെ ഭരണാധികാരിയായ കിം ജോങ് ഉന്നിന്റെ നിയമങ്ങള്‍ അതികര്‍ശനമാണ്.

സാംസ്‌കാരിക നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കഠിനമായ ശിക്ഷകളാണ് രാജ്യം നല്‍കുന്നത്. കഴിഞ്ഞ മാസം, നെറ്റ്ഫ്‌ളിക്‌സ് സീരീസ് സ്‌ക്വിഡ് ഗെയിമിന്റെ പകര്‍പ്പുകള്‍ വിതരണം ചെയ്തതിന് ഒരു യുവാവിനെ വധശിക്ഷയ്ക്കു വിധിച്ചിരുന്നു. ചൈനയില്‍ പോയ വിദ്യാര്‍ഥിയായ യുവാവ് അവിടെ നിന്നു പെന്‍ഡ്രൈവില്‍ സ്‌ക്വിഡ് ഗെയിം ഉത്തര കൊറിയയിലേക്കു കൊണ്ടുവരികയായിരുന്നു.

ഉത്തരകൊറിയയുടെ രഹസ്യപ്പോലീസായ 109 സാങ്മുവാണ് ഈ യുവാവിനെ അറസ്റ്റ് ചെയ്തത്. വെടിവച്ചുകൊല്ലാനാണു വിധി. യുവാവില്‍ നിന്നു സീരീസ് പകര്‍ത്തിവാങ്ങിയവര്‍ക്കും ജയില്‍ശിക്ഷ ലഭിച്ചു. പകര്‍ത്തിവാങ്ങിയവരില്‍ പലരും സ്‌കൂള്‍ വിദ്യാര്‍ഥികളായിരുന്നു. ഇതാദ്യമായാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഇത്രയും കടുത്ത ശിക്ഷയ്ക്ക് വിധേയമാക്കുന്നത്. ഇവര്‍ പഠിക്കുന്ന സ്‌കൂളിലെ ഹെഡ് മാസ്റ്ററെയും അധ്യാപകരെയും പിരിച്ചുവിട്ടു. ഇവരെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുകയും ഖനികളില്‍ ജോലിക്കു നിയോഗിക്കുകയും ചെയ്തെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പാസാക്കിയ നിയമപ്രകാരം, വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകള്‍, നാടകങ്ങള്‍, സംഗീതം, പുസ്തകങ്ങള്‍ തുടങ്ങിയവ രാജ്യത്ത് ഇറക്കുമതി ചെയ്യുന്നതും, പ്രചരിപ്പിക്കുന്നതും ശിക്ഷാര്‍ഹമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.