മോസ്‌കോ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ 2018 ല്‍ 'ഡോക്ക്' ചെയ്തിരുന്ന തങ്ങളുടെ സോയൂസ് എംഎസ് 09 പേടകത്തില്‍ നേരിയ ദ്വാരമുണ്ടായതെങ്ങനെയെന്ന അന്വേഷണത്തിനൊടുവില്‍ 'കുറ്റക്കാരി'യായി റഷ്യന്‍ ബഹിരാകാശ ഏജന്‍സി കണ്ടെത്തിയത് നാസയുടെ ബഹിരാകാശ യാത്രികയെ. സഹയാത്രികനുമായുള്ള റൊമാന്‍സ് തകര്‍ന്നതിന്റെ മാനസികാസ്വാസ്ഥ്യത്താല്‍ ബഹിരാകാശ പേടത്തില്‍ ഇവര്‍ രണ്ട് മില്ലീ മീറ്റര്‍ വ്യാസമുള്ള ദ്വാരം ഡ്രില്‍ ചെയ്ത് നിര്‍മ്മിച്ചുവെന്നാണ് ഏറ്റവും ഒടുവില്‍ ഉന്നയിച്ചിട്ടുള്ള ആരോപണമെന്നാണു റിപ്പോര്‍ട്ട്.
ഞരമ്പുകളില്‍ രക്തം കെട്ടുന്ന 'ഡീപ് വെയിന്‍ ത്രോംബോസിസ് ' അസുഖം ബാധിച്ചതിനാല്‍ ബഹിരാകാശ നിലയത്തിലെ വാസം നേരത്തെ അവസാനിപ്പിച്ചു മടങ്ങാനുള്ള രഹസ്യ പദ്ധതിയുടെ ഭാഗമായി ദ്വാരമുണ്ടാക്കിയെന്നായിരുന്നു നേരത്തെ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.അതേസമയം, അന്വേഷണം പൂര്‍ത്തിയായെന്നും തങ്ങളുടെ കണ്ടെത്തല്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു സമര്‍പ്പിച്ചിട്ടുണ്ടെന്നും റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്മോസ് ഈയിടെ അറിയിച്ചു.പക്ഷേ, കണ്ടെത്തലിന്റെ വിശദാംശങ്ങള്‍ ഔദ്യാഗികമായി വെളിപ്പെടുത്തിയിട്ടില്ല. നാസയ്ക്കെതിരെ ക്രമിനല്‍ നിയമ നടപടി വേണമെന്നതാണ്് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ആവശ്യം.
സംഭവം അട്ടിമറിയാണെന്നതിലും ഐഎസ്എസ് ക്രൂ അംഗമായ സെറീന ഔന്‍-ചാന്‍സലര്‍ കുറ്റവാളിയാണെന്നതിലും റോസ്‌കോസ്മോസിനു സംശയമില്ലെന്നാണ് റഷ്യന്‍ മാധ്യമമായ ടാസ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ നാസയുടെ ബഹിരാകാശ യാത്രക്കാരെ റഷ്യ വെറുതെ പഴിക്കുകയാണെന്നും ഇത് സത്യമല്ലെന്നും നാസയുടെ ഭരണ മേധാവി ബില്‍ നെല്‍സണ്‍ പറഞ്ഞു. ദ്വാരം ഉണ്ടായപ്പോഴും അതിനു മുമ്പും പിമ്പുമൊക്കെ ബഹിരാകാശ നിലയത്തിലെ വാസക്കാര്‍ എവിടെയായിരുന്നുവെന്നും എന്തു ചെയ്യുകയായിരുന്നുവെന്നുമെല്ലാം നാസ വിശകലനം ചെയ്തിരുന്നു. എന്തായാലും വിവാഹിതയാണെന്നതൊന്നും കണക്കിലെടുക്കാതെ സെറീന ഓന്‍ചാന്‍സലര്‍ക്കു നേരെ റോസ്‌കോസ്മോസ് ഉളുപ്പില്ലാതെ റൊമാന്‍സ് അപവാദം പ്രചരിപ്പിക്കുന്നു.
റഷ്യന്‍ ബഹിരാകാശയാത്രികയായ സെര്‍ജി പ്രോകോപിയേവ്, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ബഹിരാകാശയാത്രികന്‍ അലക്സാണ്ടര്‍ ഗെര്‍സ്റ്റ്, നാസയുടെ സെറീന ഓന്‍ചാന്‍സലര്‍ എന്നിവരാണ് 2018 ല്‍ സോയൂസ് എംഎസ് 09 പേടകത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയത്. നിര്‍മ്മാണത്തില്‍ വന്ന പിഴവാണ് ദ്വാരത്തിന് കാരണമായത് എന്നായിരുന്നു റഷ്യയുടെ ആദ്യ കണ്ടെത്തല്‍. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നതത്രേ. ദ്വാരം മൂലം പേടകത്തില്‍ വായു ചോര്‍ച്ച ഉണ്ടായെങ്കിലും ഗുരുതരമായില്ല.ഉടന്‍ തന്നെ പ്രത്യേക പശ ഉപയോഗിച്ച് അടയ്ക്കുകയും ചെയ്തു. ആറു മാസത്തെ ബഹിരാകാശ വാസത്തിനു ശേഷം മൂവരും സുരക്ഷിതരായി മടങ്ങിയെത്തുകയും ചെയ്തു.