ഇസ്ലാമാബാദ്: പാകിസ്താനില്‍ ആള്‍ക്കൂട്ടക്കൊലപാതകത്തിന് ഇരയായി മരിച്ച ശ്രീലങ്കന്‍ പൗരന്‍ പ്രിയന്ത കുമാരയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. പ്രിയന്ത കുമാരയുടെ ശരീരത്തിലെ എല്ലാ എല്ലുകളും പൊട്ടിയിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ശരീരത്തിന്റെ 99 ശതമാനം ഭാഗവും പൊള്ളലേറ്റിരുന്നു.മതനിന്ദ ആരോപിച്ചായിരുന്നു അക്രമണം.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം തലയോടിക്കും താടി എല്ലിനുമേറ്റ ഗുരുതരമായ തകര്‍ച്ചയാണ് മരണ കാരണം. കൂടാതെ, ആക്രമണം മൂലം പ്രിയന്ത കുമാരയുടെ കരള്‍, ആമാശയം, വൃക്കകളിലൊന്ന് എന്നിവയും തകരാറിലായിരുന്നു. ഒരു കാല് ഒഴികെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും സാരമായ മുറിവേറ്റിട്ടുണ്ടായിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.
പ്രിയന്ത കുമാരയുടെ മൃതദേഹം ലാഹോറിലേക്ക് അയച്ച് ശ്രീലങ്കന്‍ കോണ്‍സുലേറ്റിന് കൈമാറും. തുടര്‍ന്ന്, എല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പ്രത്യേക വിമാനത്തില്‍ ശ്രീലങ്കയിലേക്ക് അയക്കും എന്നാണ് റിപ്പോര്‍ട്ട്.
ശ്രീലങ്കന്‍ ഫാക്ടറി ജനറല്‍ മാനേജര്‍ പ്രിയന്ത കുമാര ദിയാവാദനയെയാണ് തീവ്ര മതവാദികളായ തെഹ്രീകെ ലബ്ബായിക് പാകിസ്താന്‍(ടി.എല്‍.പി.) പ്രവര്‍ത്തകര്‍ തല്ലിക്കൊന്ന് കത്തിച്ചത്. പ്രിയന്ത കൂമാരെയെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്ത ആള്‍ക്കൂട്ടം, അദ്ദേഹത്തിന്റെ മൃതദേഹം തെരുവിന് നടുവിലിട്ട് കത്തിച്ചു. ആള്‍ക്കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് 100 ലധികം പേരെ അറസ്റ്റ് ചെയ്തതായാണ് വിവരം. ആയിരക്കണക്കിന് ആളുകള്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയത്.
പാകിസ്താനില്‍ മതനിന്ദ ആരോപിച്ചുള്ള കൊലപാതകങ്ങള്‍ ഇപ്പോള്‍ സാധാരണയായിരിക്കുകയാണ്. മതനിന്ദ നടത്തിയെന്ന് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത മാനസിക രോഗിയെ വിട്ടുകിട്ടാന്‍ മതമൗലികവാദികള്‍ ചേര്‍ന്ന് പോലീസ് സ്റ്റേഷന്‍ കത്തിച്ച വീഡിയോ അടുത്തിടെ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പാകിസ്താനില്‍ ഇസ്ലാമിനെ നിന്ദിക്കുന്നത് വധശിക്ഷ വരെ ലഭിക്കുന്ന കുറ്റമാണ്.