ജോഹന്നാസ്ബര്‍ഗ്: കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം വ്യാപനം രൂക്ഷമാകുന്നതിനിടയില്‍ രോഗികളില്‍ നല്ലൊരു ശതമാനം കുട്ടികളാണെന്ന് കണ്ടെത്തല്‍. ഒമിക്രോണ്‍ സ്ഥിരീകരിച്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരില്‍ 10 ശതമാനം പേര്‍ കുട്ടികളാണെന്ന് ദക്ഷിണാഫ്രിക്കന്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ആറു വയസിനു മുകളിലുള്ള കുട്ടികളാണ് ഏറ്റവുമധികം പ്രവേശിപ്പിക്കപ്പെടുന്നത്. അഞ്ച് വയസിന് താഴെയുള്ള കുട്ടികളിലാണ് വ്യാപനം രണ്ടാമതായി അധികം കാണപ്പെടുന്നത്. പത്തു വയസിനും 14 വയസിനും ഇടയിലുള്ള കുട്ടികളില്‍ പോസിറ്റിവിറ്റി നിരക്ക് വളരെയധികം ഉയരുന്നുണ്ട് എന്ന കാര്യവും ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും സ്ഥിരീകരിക്കുന്നു.
ദക്ഷിണാഫ്രിക്കയില്‍ വളരെ വേഗമാണ് പുതിയ വകഭേദം വ്യാപിക്കുന്നത്. കഴിഞ്ഞ മൂന്ന് കോവിഡ് തരംഗങ്ങളേക്കാളും ഉയര്‍ന്ന വ്യാപനശേഷിയാണ് ഒമിക്രോണിനുള്ളത്. മറ്റു വകഭേദങ്ങളെ അപേക്ഷിച്ച്, രണ്ടാമതും രോഗം വരാന്‍ ഒമിക്രോണിന് മൂന്നിരട്ടി സാധ്യതയുണ്ടെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.