കൊറോണയെക്കാള്‍ വിനാശകാരികള്‍ ഇനിയുമെത്താം: വാക്‌സിന്‍ വിദഗ്ധ പ്രഫ. ഡാമേ സാറാഹ് ഗില്‍ബെര്‍ട്ട്

കൊറോണയെക്കാള്‍ വിനാശകാരികള്‍ ഇനിയുമെത്താം: വാക്‌സിന്‍ വിദഗ്ധ പ്രഫ. ഡാമേ സാറാഹ് ഗില്‍ബെര്‍ട്ട്


വാഷിംഗ്ടണ്‍: ലോകം ഇനി സാക്ഷ്യം വഹിക്കാന്‍ പോകുന്നത് കൊറോണയെക്കാള്‍ തീവ്രമായ പകര്‍ച്ചവ്യാധികളെയായിരിക്കാമെന്ന മുന്നറിയിപ്പുമായി ഒക്സ്ഫോര്‍ഡ്-ആസ്ട്രസെനക്ക വാക്സിന്‍ വികസിപ്പിച്ചെടുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച പ്രഫ. ഡാമേ സാറാഹ് ഗില്‍ബെര്‍ട്ട്.പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി കൂടുതല്‍ പണം ചെലവഴിക്കണമെന്നും ആഗോള അംഗീകാരം നേടിയ ഈ ആരോഗ്യ വിദഗ്ദ്ധ അഭിപ്രായപ്പെട്ടു.

ഒമിക്രോണ്‍ വകഭേദത്തിന് നിലവിലുള്ള വാക്സിനുകള്‍ പര്യാപ്തമാണോ എന്ന് കൃത്യമായി പറയാനാവില്ല.'നമ്മുടെ ജീവിതത്തേയും, ജീവനോപാധികളേയും ആക്രമിക്കുന്ന അവസാന വൈറസ് ആയിരിക്കില്ല കൊറോണ. ഇതിന്റെ മാരകമായ വകഭേദങ്ങള്‍ ഇനിയും ഉടലെടുക്കും. വൈറസിന്റെ അതി രൂക്ഷമായ ആക്രമണങ്ങളാണ് നാം ഇനി നേരിടാന്‍ പോകുന്നതെന്ന സത്യം ജനങ്ങള്‍ തിരിച്ചറിയണം. പുതിയ വൈറസുകള്‍ കൊറോണയേക്കാള്‍ തീവ്ര വ്യാപന ശേഷിയുള്ളവയായിരിക്കും'

കൊറോണയെക്കാള്‍ അപകടകാരിയായ ഒരു വൈറസിനെ നേരിടാനുള്ള സാഹചര്യം ഇന്ന് ജനങ്ങള്‍ക്ക് ഉണ്ടാവില്ല. അത്തരത്തിലൊരു സാഹചര്യത്തിലൂടെ കടന്നു പോകുക എന്നത് മനുഷ്യരാശിക്ക് കഠിനമായ കാര്യമാണ്. എന്നാല്‍, പകര്‍ച്ചവ്യാധികളുടെ ആക്രമണം തടഞ്ഞ് പഴയ പോലെ ലോകത്തെ മാറ്റിയെടുക്കാന്‍ നാം ഏവരും പ്രയത്നിക്കണം. പ്രതിരോധത്തിനായി എണ്ണാന്‍ പറ്റാത്തത്രയും തുക ചെലവായേക്കാം പക്ഷേ ഇതല്ലാതെ മറ്റൊരു മാര്‍ഗമില്ല. ഒമിക്രോണ്‍ വകഭേദത്തെ കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ നടത്തിവരികയാണെന്നും ഇതിന്റെ കൃത്യമായ ഫലങ്ങള്‍ ലഭിക്കുന്നത് വരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഡാമേ ആവശ്യപ്പെട്ടു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.