കോവിഡ് മൂലം നയതന്ത്ര പ്രതിനിധികളെ ഒളിമ്പിക്‌സിന് അയക്കില്ലെന്ന് ന്യൂസിലന്‍ഡ്
ബീജിങ്: ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങളില്‍ പ്രതിഷേധിച്ച് അടുത്ത വര്‍ഷം ബീജിങ്ങില്‍ നടക്കുന്ന ശീതകാല ഒളിമ്പിക്‌സ് നയതന്ത്ര തലത്തില്‍ ബഹിഷ്‌കരിക്കുമെന്ന് യു.എസ്. ചൈനയിലെ ഷിന്‍ജിയാന്‍ പ്രവിശ്യയില്‍ ഉയിഗര്‍ വംശജര്‍ക്കെതിരെ നടക്കുന്ന പീഡനങ്ങള്‍ ഉള്‍പ്പടെയുള്ള മനുഷ്യാവകാശ ലംഘനങ്ങളിലാണ് യു.എസ് നടപടി. ഒളിമ്പിക്‌സില്‍ കായിക താരങ്ങള്‍ പങ്കെടുക്കുമെങ്കിലും നയതന്ത്രപ്രതിനിധികളെ ചൈനയിലേക്ക് അയക്കില്ലെന്ന് യു.എസ് വ്യക്തമാക്കി. 2022 ഫെബ്രുവരി നാലിന് ആരംഭിക്കുന്ന ഒളിമ്പിക്‌സ് ബഹിഷ്‌കരിക്കുകയാണെന്ന വിവരം വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കിയാണ് അറിയിച്ചത്.

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി
ബൈഡന്‍ ഭരണകൂടം നയതന്ത്ര-ഔദ്യോഗിക പ്രതിനിധികളെ ഒളിമ്പിക്‌സിന് അയക്കില്ലെന്ന് ജെന്‍ സാക്കി സ്ഥിരീകരിച്ചു. ഷിന്‍ജിയാന്‍ പ്രവിശ്യയില്‍ ഉള്‍പ്പെടെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ പ്രതിഷേധിച്ചാണ് നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബഹിഷ്‌കരണമെന്ന ആവശ്യം യു.എസ് കോണ്‍ഗ്രസിലെ ചില അംഗങ്ങളും ഉയര്‍ത്തിയിരുന്നു. എന്നാല്‍, നയതന്ത്രതലത്തിലെ ബഹിഷ്‌കരണം യു.എസ് കായികതാരങ്ങളുടെ ഒളിമ്പിക്‌സിലെ പങ്കാളിത്തത്തെ ഒരിക്കലും ബാധിക്കില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
അതേസമയം, യു.എസ് നടപടി രാഷ്ട്രീയ തീരുമാനമായി മാത്രമാണ് വാഷിങ്ടണിലെ ചൈനീസ് എംബസി വിലയിരുത്തിയത്. തീരുമാനം ഒരുതരത്തിലും ഒളിമ്പിക്‌സിനെ ബാധിക്കില്ല. യു.എസ് രാഷ്ട്രീയക്കാര്‍ക്ക് ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ ക്ഷണം നല്‍കിയിട്ടില്ലെന്നും കായിക രംഗത്തെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നത് ന്യായീകരിക്കാനാകില്ലെന്നും ചൈനീസ് എംബസി വ്യക്തമാക്കി.
ചൈനയിലെ ന്യൂനപക്ഷ വിഭാഗമായ ഉയിഗര്‍ വംശജര്‍ക്കെതിരായ പീഡനങ്ങള്‍ അതീവ ഗൗരവത്തോടെയാണ് അമേരിക്ക കാണുന്നത്. ശീതയുദ്ധത്തിന്റെ സമയത്തുള്ള പ്രതിരോധ മുറകളാണ് അമേരിക്കയുടെ ഈ നടപടികള്‍ അനുസ്മരിപ്പിക്കുന്നത്. ബൈഡന്‍ ഭരണകൂടത്തിന്റെ തീരുമാനത്തിന് ഡമോക്രാറ്റിക്, റിപ്പബ്ലിക് പാര്‍ട്ടികളുടെ പിന്തുണയുണ്ട്.
ചൈനയുമായുള്ള ബന്ധം കൂടുതല്‍ വഷളായ സാഹചര്യത്തില്‍ ഓസ്ട്രേലിയയും നയതന്ത്ര ബഹിഷ്‌കരണത്തിനുള്ള സാധ്യത പരിഗണിക്കുന്നുണ്ട്.
അതേസമയം, ഒളിമ്പിക്‌സിന് നയതന്ത്ര പ്രതിനിധികളെ അയക്കില്ലെന്ന് ന്യൂസിലന്‍ഡ് നേരത്തെ നയം വ്യക്തമാക്കിയിരുന്നു. കോവിഡ് മൂലമാണ് തീരുമാനമെന്നും യു.എസിന്റെ നിലപാടിനുള്ള പിന്തുണയല്ലെന്നും ഡെപ്യൂട്ടി പ്രധാനമന്ത്രി ഗ്രാന്റ് റോബര്‍ട്ട്സണ്‍ പറഞ്ഞു. കോവിഡ് കാലത്ത് ഇത്തരമൊരു യാത്ര അനുയോജ്യമല്ല. ന്യൂസിലന്‍ഡിന്റെ തീരുമാനം ചൈനയെ അറിയിച്ചതായി അദ്ദേഹം പറഞ്ഞു.
മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ന്യൂസിലന്‍ഡ് ചൈനയുമായി നേരത്തെ പങ്കുവച്ചിരുന്നതായി ഗ്രാന്റ് റോബര്‍ട്ട്സണ്‍ പറഞ്ഞു. ഇക്കാര്യത്തിലുള്ള ഞങ്ങളുടെ വീക്ഷണത്തെക്കുറിച്ച് ചൈനയ്ക്ക് നന്നായി അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹോങ്കോങ്ങിലെ ജനാധിപത്യപരമായ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുന്നതിലും ടിബറ്റിലും തായ്‌വാനിലുമുള്ള ചൈനയുടെ ഇടപെടലിലും അന്താരാഷ്ട്ര സമൂഹത്തിന് ആശങ്കയുണ്ട്.