ന്യൂയോര്‍ക്ക്: ബഹിരാകാശ യാത്രകള്‍ക്കായി പരിശീലിപ്പിക്കുന്ന പത്തംഗ സംഘത്തിലേക്ക് മലയാളി വംശജനെ തെരഞ്ഞെടുത്ത് നാസ. 45 കാരനായ ലഫ് കേണല്‍ ഡോ. അനില്‍ മേനോനാണ് നാസയുടെ ബഹിരാകാശ സഞ്ചാരിയാകാന്‍ അവസരമൊരുങ്ങുന്ന മലയാളി വംശജന്‍. മലയാളിയായ ശങ്കരന്‍ മേനോന്റെയും ഉക്രൈന്‍ സ്വദേശി ലിസ സാമോലെങ്കോയുടെയും മകന്‍.
ചന്ദ്രനിലേക്ക് മനുഷ്യനെ വീണ്ടും അയക്കുന്നതിനൊപ്പം ചൊവ്വയിലേക്ക് ആളെ അയക്കാനുമുള്ള ദൗത്യങ്ങളുടെ ഭാഗമായിട്ടാണ് ഇവരെ തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിന് മുമ്പ് നാസ ബഹിരാകാശയാത്രികരെ തെരഞ്ഞെടുത്തത് 2017 ലായിരുന്നു.
ബഹിരാകാശ ദൗത്യങ്ങള്‍ക്ക് മുന്‍പായുള്ള പരിശീലന പരിപാടികള്‍ക്കായിട്ടാണ് അനില്‍ മേനോന്‍ ഉള്‍പ്പെടെയുള്ള പത്ത് പേരെ തെരഞ്ഞെടുത്തത്. നാല് സ്ത്രീകളും ആറ് പുരുഷന്മാരുടെയും പേരുകള്‍ നാസ അഡ്മിനിസ്ട്രേറ്റര്‍ ബില്‍ നെല്‍സനാണ് പുറത്തുവിട്ടത്. യുണൈറ്റഡ് അറബ് എമിറേറ്റില്‍ നിന്നുള്ള രണ്ട് ബഹിരാകാശ സഞ്ചാരികള്‍ ഇവര്‍ക്കൊപ്പം പരിശീലനം നടത്തും.
12,00 അപേക്ഷകളില്‍ നിന്നാണ് 10 പേരെ തെരഞ്ഞെടുത്തതെന്ന് അധികൃതര്‍ വ്യക്തമാക്കി. ബഹിരാകാശ നിലയത്തിലെ ഗവേഷണം മുതല്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതടക്കമുള്ള കാര്യങ്ങളില്‍ മാസങ്ങള്‍ നീണ്ട് നില്‍ക്കുന്ന പരിശീലനമാണ് ഇവര്‍ക്ക് നല്‍കുക.
യുഎസ് എയര്‍ഫോഴ്സിലെ ലെഫ്റ്റനന്റ് കേണലാണ് അനില്‍. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ വിവിധ പര്യവേഷണങ്ങളില്‍ ക്രൂ ഫ്‌ലൈറ്റ് സര്‍ജനായി പ്രവര്‍ത്തിച്ചതിന്റെ പരിചയമുണ്ട് അദ്ദേഹത്തിന്. 2010ല്‍ ഹെയ്തിയില്‍ ഉണ്ടായ ഭൂകമ്പത്തിനിടെയും 2015ല്‍ നേപ്പാളില്‍ നടന്ന ഭൂകമ്പത്തിനിടെയും ഡോക്ടറായി പ്രവര്‍ത്തിച്ച പരിചയവുമുണ്ട്. 2011 ലെ റെനോ എയര്‍ ഷോ അപകടത്തിലും അദ്ദേഹം ആദ്യമെത്തി ഇടപെടല്‍ നടത്തി.
ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ 1999ല്‍ ന്യൂറോബയോളജിയില്‍ ബിരുദവും 2004ല്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദവും നേടിയ അനില്‍ മേനോന്‍ 2009ല്‍ സ്റ്റാന്‍ഫോര്‍ഡ് മെഡിക്കല്‍ സ്‌കൂളില്‍ നിന്ന് ഡോക്ടര്‍ ഓഫ് മെഡിസിന്‍ ബിരുദം കരസ്ഥമാക്കി. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പഠനകാലത്ത് പോളിയോ വാക്‌സിനേഷന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഗവേഷണം നടത്താന്‍ ഇന്ത്യയിലെത്തിയിരുന്നു. കാലിഫോര്‍ണിയ എയര്‍ നാഷണല്‍ ഗാര്‍ഡില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്തു.
അഫ്ഗാനിസ്ഥാനിലേക്ക് നിയോഗിക്കപ്പെട്ടതിനെ തുടര്‍ന്ന് ഹിമാലയന്‍ റെസ്‌ക്യൂ അസോസിയേഷനില്‍ അനില്‍ മേനോന്‍ പ്രവര്‍ത്തിച്ചു. പിന്നീട് 173-ആം ഫൈറ്റര്‍ വിംഗിലേക്ക് മിലിട്ടറിയിലേക്ക് മാറി. ഫ്‌ളൈറ്റ് ഇന്‍സ്ട്രക്ടറായി പ്രവര്‍ത്തിച്ച അദ്ദേഹം 1,000 മണിക്കൂറിലധികം ചെറുവിമാനം പറത്തുകയും ചെയ്തിട്ടുണ്ട്. സ്പേസ് എക്സിലെ ജീവനക്കാരിയായ അന്നയാണ് ഭാര്യ.