വാഷിങ്ടണ്‍: കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തോളം അപകടകാരിയല്ല ഒമിക്രോണെന്ന് യു.എസ് ഉന്നത ആരോഗ്യ വിദഗ്ധനായ ആന്റണി ഫോസി. കോവിഡിന്റെ മുന്‍ വകഭേദങ്ങളെക്കാളെല്ലാം കുറഞ്ഞ ശാരീരിക അസ്വസ്ഥതകള്‍ മാത്രമാണ് ഒമിക്രോണ്‍ വകഭേദം ബാധിച്ചവര്‍ക്ക് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
രോഗം പകരാനുള്ള സാധ്യത, രോഗബാധയുടെ ആഘാതം, കോവിഡ് വാക്‌സിനോടുള്ള പ്രതികരണം എന്നീ മൂന്ന് കാര്യങ്ങളാണ് പഠന വിധേയമാക്കിയത്. പുതിയ വകഭേദം തീര്‍ച്ചയായും മറ്റ് വകഭേദങ്ങളെക്കാള്‍ കൂടുതല്‍ വേഗത്തില്‍ പകരുന്നതാണ്. അടുത്ത ഒരാഴ്ചക്കുള്ളില്‍ തന്നെ ഒമിക്രോണ്‍ വകഭദത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഫോസി പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മുഖ്യ മെഡിക്കല്‍ ഉപദേഷ്ടാവും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജീസ് ആന്‍ഡ് ഇന്‍ഫെക്ഷന്‍സ് ഡിസീസസ് ഡയറക്ടറുമാണ് ആന്റണി ഫോസി.
എന്തായാലും കോവിഡ് ഡെല്‍റ്റ വകഭേദത്തേക്കാള്‍ നിസാരമായ ലക്ഷണങ്ങളും കുറഞ്ഞ രോഗ ബാധയുമാണ് ഒമിക്രോണ്‍ സൃഷ്ടിക്കുന്നത് എന്ന കാര്യത്തില്‍ സംശയമില്ല എന്ന് അദ്ദേഹം പറഞ്ഞു. ദക്ഷിണാഫ്രിക്കയിലെ കേസുകള്‍ പരിശോധിക്കുമ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുന്ന രോഗികളുടെ എണ്ണം വളരെ കുറവാണെന്ന് വ്യക്തമാകുന്നുണ്ട്.
എന്നാല്‍ രണ്ടാഴ്ചകള്‍ കൂടി കഴിയുമ്പോള്‍ മാത്രമേ ഒമിക്രോണ്‍ വകഭേദം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ എന്തെന്ന് കൃത്യമായി മനസിലാക്കാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. 38 രാജ്യങ്ങളിലാണ് ഇതുവരെ ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.