ന്യൂഡല്‍ഹി: ജനറല്‍ ബിപിന്‍ റാവത്തിന്റെ പെട്ടെന്നുള്ള വിയോഗത്തില്‍ അഗാധമായ അനുശോചനം അറിയിച്ച് അമേരിക്കയും റഷ്യയും. 'ഇന്ത്യയിലെ ആദ്യത്തെ സംയുക്ത സായുധ സേനാ മേധാവി രാജ്യത്തെ പ്രതിരോധ മേഖലയdക്ക് ചരിത്രപരമായ പരിവര്‍ത്തന കാലഘട്ടത്തിന് നേതൃത്വം നല്‍കി '-യു.എസ് എംബസി പ്രസ്താവനയില്‍ പറഞ്ഞു.
അമേരിക്കയുടെ 'ശക്തനായ സുഹൃത്തും പങ്കാളിയും' ആയിരുന്നു ജനറല്‍ റാവത്ത് എന്നും യുഎസ് എംബസി ചൂണ്ടിക്കാട്ടി. 'സെപ്റ്റംബറില്‍, സൈനിക സംഭവവികാസങ്ങളെക്കുറിച്ചും സമാന ചിന്താഗതിക്കാരായ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള അവസരങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനായി അദ്ദഹം അമേരിക്ക സന്ദര്‍ശിച്ചിരുന്നു.അമേരിക്കന്‍ സംയുക്ത സായുധ സേനാ മേധാവി ജനറല്‍ മാര്‍ക്ക് മില്ലിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം രാജ്യത്തുടനീളം അഞ്ച് ദിവസം ജനറല്‍ റാവത്ത് യാത്ര ചെയ്തു. അദ്ദേഹം അവശേഷിപ്പിച്ചു പോയ പാരമ്പര്യം വെറുതെയാകില്ല. ഞങ്ങളുടെ ചിന്തകള്‍ ഇന്ത്യന്‍ ജനങ്ങളോടും ഇന്ത്യന്‍ സൈന്യത്തോടുമൊപ്പമുണ്ട്. ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങ് പൂര്‍ണ സുഖം പ്രാപിക്കാന്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു,' എംബസിയുടെ പ്രസ്താവനയില്‍ പറയുന്നു.
'ജനറല്‍ ബിപിന്‍ റാവത്തിന്റെയും മധുലിക റാവത്തിന്റെയും മറ്റ് 11 ഉദ്യോഗസ്ഥരുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടം ഇന്ത്യയ്ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. അര്‍പ്പണബോധമുള്ള രാജ്യസ്നേഹിയായ നായകന്‍ ഓര്‍മ്മയാകുന്നു. സവിശേഷവും തന്ത്രപരവുമായ ഉഭയകക്ഷി പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ച വളരെ അടുത്ത സുഹൃത്തിനെ റഷ്യക്ക് നഷ്ടപ്പെട്ടു. ഇന്ത്യയോടൊപ്പം ദുഃഖിക്കുന്നു. വിട, സുഹൃത്തേ! വിട , കമാന്‍ഡര്‍!'-റഷ്യയുടെ ഇന്ത്യന്‍ അംബാസഡര്‍ നിക്കോളായ് കുദാഷേവ് അനുശോചന സന്ദേശത്തില്‍ രേഖപ്പെടുത്തി.