ശീതകാല ഒളിമ്പിക്‌സ് ബ്രിട്ടനും കാനഡയും ബഹിഷ്‌കരിക്കും

ശീതകാല ഒളിമ്പിക്‌സ് ബ്രിട്ടനും കാനഡയും ബഹിഷ്‌കരിക്കും

ലണ്ടന്‍: യു.എസിനും ഓസ്‌ട്രേലിയയ്ക്കും പിന്നാലെ ബ്രിട്ടനും കാനഡയും അടുത്ത വര്‍ഷം ബീജിങ്ങില്‍ നടക്കുന്ന ശീതകാല ഒളിമ്പിക്‌സ് നയതന്ത്രതലത്തില്‍ ബഹിഷ്‌കരിക്കും. ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങളില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ശീതകാല ഒളിമ്പിക്‌സിന് സര്‍ക്കാര്‍ പ്രതിനിധികളെ പങ്കെടുപ്പിക്കില്ലെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു.

ഒളിമ്പിക്‌സ് കാനഡയും ബഹിഷ്‌കരിക്കുന്നതായി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ചൈനയില്‍ നടക്കുന്ന നിരന്തരമായ മനുഷ്യാവകാശ ലംഘനങ്ങളുടെ കാര്യത്തില്‍ കാനഡയ്ക്ക് ആശങ്കയുണ്ട്. അതിനാല്‍, ചൈനയില്‍ നടക്കുന്ന ശീതകാല ഒളിമ്പിക്‌സില്‍ കാനഡയുടെ നയതന്ത്രപ്രതിനിധികള്‍ പങ്കെടുക്കില്ല-ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.

ശീതകാല ഒളിമ്പിക്‌സ് നയതന്ത്രതലത്തില്‍ ബഹിഷ്‌കരിക്കുമെന്ന് നേരത്തെ ന്യൂസിലന്‍ഡും അറിയിച്ചിരുന്നു. ഉയിഗര്‍ വംശജര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു നേരെ ചൈന നടത്തുന്ന മനുഷ്യാവകാശലംഘനങ്ങള്‍ മുന്‍നിര്‍ത്തിയാണ് വിവിധ ലോകരാജ്യങ്ങളുടെ തീരുമാനം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.