സൗന്ദര്യം വര്‍ധിപ്പിക്കാന്‍ കുത്തിവയ്‌പ്പെടുത്തു; നാല്‍പതോളം ഒട്ടകങ്ങള്‍ക്ക് മത്സരത്തില്‍നിന്ന് വിലക്ക്

സൗന്ദര്യം വര്‍ധിപ്പിക്കാന്‍ കുത്തിവയ്‌പ്പെടുത്തു; നാല്‍പതോളം ഒട്ടകങ്ങള്‍ക്ക് മത്സരത്തില്‍നിന്ന് വിലക്ക്

റിയാദ്: സൗദി അറേബ്യയിലെ പ്രശസ്തമായ ഒട്ടകങ്ങളുടെ സൗന്ദര്യ മത്സരത്തില്‍ നിന്ന് നാല്‍പതോളം ഒട്ടകങ്ങള്‍ക്കു വിലക്ക്. ആകര്‍ഷകത്വം വര്‍ധിപ്പിക്കാന്‍ ബോട്ടോക്സ് കുത്തിവെയ്പിനും കൃത്രിമ മോടിപിടിപ്പിക്കലിനും വിധേയരായ ഒട്ടകങ്ങളെയാണ് മത്സരത്തില്‍നിന്ന് അയോഗ്യരാക്കിയത്. സൗന്ദര്യ മത്സരത്തില്‍ ഒന്നാം സമ്മാനം നേടുന്ന ഒട്ടകത്തിന് 66 ദശലക്ഷം ഡോളര്‍ ആണ് ലഭിക്കുക.

സൗദി അറേബ്യയിലെ കിംഗ് അബ്ദുല്‍അസിസ് ക്യാമെല്‍ ഫെസ്റ്റിവല്‍ ഏറെ ജനപ്രീതി നേടിയതാണ്. എല്ലാ വര്‍ഷവും നടക്കുന്ന ഈ സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കുന്ന ഒട്ടകങ്ങളെ കൂടുതല്‍ ആകര്‍ഷകമാക്കുന്ന ബോട്ടോക്സ് കുത്തിവയ്പ്പുകള്‍, പ്ലാസ്റ്റിക് സര്‍ജറി, ഫെയ്സ് ലിഫ്റ്റുകള്‍, മറ്റ് സൗന്ദര്യവര്‍ധക മാര്‍ഗങ്ങള്‍ എന്നിവ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഒട്ടകങ്ങളുടെ തല, കഴുത്ത്, ഹംപുകള്‍, വസ്ത്രങ്ങള്‍, നില്‍പും നടപ്പും എന്നിവ വിലയിരുത്തിയാണ് ജേതാക്കളെ തീരുമാനിക്കുന്നത്.

സൗദി തലസ്ഥാനമായ റിയാദില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന സൗന്ദര്യ മത്സരം ഈ മാസാദ്യമാണ് ആരംഭിച്ചത്. സൗന്ദര്യമത്സരത്തില്‍ കൃത്രിമത്വം കണ്ടെത്തുന്നതിനായി വിധികര്‍ത്താക്കള്‍ നൂതന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

ഒട്ടകങ്ങളെ വളര്‍ത്തുന്നവര്‍ അവയുടെ ചുണ്ടുകളും മൂക്കും നീട്ടുകയും പേശികളെ ഉത്തേജിപ്പിക്കാന്‍ ഹോര്‍മോണുകള്‍ ഉപയോഗിക്കുകയും തലയിലും ചുണ്ടുകളിലും ബോട്ടോക്സ് കുത്തിവെയ്ക്കുകയും ചെയ്തതായി ഈ വര്‍ഷമാദ്യം അധികൃതര്‍ കണ്ടെത്തി. മാത്രമല്ല, ഒട്ടകങ്ങളുടെ ശരീര ഭാഗങ്ങള്‍ റബ്ബര്‍ ബാന്‍ഡുകള്‍ ഉപയോഗിച്ച് വീര്‍പ്പിക്കുകയും അവയുടെ മുഖങ്ങള്‍ ഫില്ലറുകള്‍ കൊണ്ട് തളര്‍ത്തുകയും ചെയ്യുന്നതായി കണ്ടെത്തി.

ആധുനിക സൗദി അറേബ്യയുടെ സ്ഥാപകനായ അബ്ദുല്‍ അസീസ് രാജാവിന്റെ പേരിലാണ് ഈ ഉത്സവം അറിയപ്പെടുന്നത്. ഒട്ടകത്തിന് പ്രത്യേക സ്ഥാനമുള്ള സൗദിയില്‍ സാംസ്‌കാരിക പാരമ്പര്യങ്ങളെ ബഹുമാനിക്കുന്നതിന്റെ ഭാഗമായാണ് മത്സരം നടത്തുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.