ന്യൂഡല്‍ഹി: ഇന്ത്യയുടെ സംയുക്ത സേനാമേധാവി ബിപിന്‍ റാവത്ത് അടക്കം 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടവും കഴിഞ്ഞ വര്‍ഷം തായ് വാന്‍ ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് ജനറല്‍ ഷെന്‍ യി-മിങ്ങിന്റെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടവും തമ്മിലുള്ള സമാനത പരാമര്‍ശിച്ചുള്ള തന്റെ ട്വീറ്റ് വളച്ചൊടിച്ച് അമേരിക്കയെ പ്രതിക്കൂട്ടിലാക്കാന്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സിസിപി) മുഖപത്രമായ ഗ്ലോബല്‍ ടൈംസ് നടത്തിയ ശ്രമം ഹീനമെന്ന് എഴുത്തുകാരനും അന്താരാഷ്ട്ര യുദ്ധ വിദഗ്ധനുമായ ബ്രഹ്‌മ ചെല്ലാനി.
ചൈനയുടെ 20 മാസത്തെ അതിര്‍ത്തി ആക്രമണം ഹിമാലയന്‍ അതിര്‍ത്തിയില്‍ യുദ്ധസമാനമായ സാഹചര്യത്തിന് കാരണമായപ്പോഴാണ് ഇന്ത്യയുടെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ റാവത്തിന്റെയും ഭാര്യയുടെയും 11 പേരുടെയും ദാരുണമരണം സംഭവിച്ചതെന്ന് ചെല്ലാനി ഒരു ട്വിറ്റര്‍ ത്രെഡ് പുറത്തുവിട്ടിരുന്നു. ഇത്തരമൊരു ദുരന്തമുണ്ടാകാന്‍ ഇതിലും മോശമായ സമയം ഉണ്ടായിരുന്നില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. 2020 ന്റെ തുടക്കത്തില്‍ തായ് വാനിലെ ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് ആയിരുന്ന ജനറല്‍ ഷെന്‍ യി-മിങ്ങും രണ്ട് മേജര്‍ ജനറല്‍മാരും ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ട ഹെലികോപ്റ്റര്‍ അപകടത്തിന് കൂനൂരിലെ അപകടവുമായി സമാനതകളുണ്ട്.
രണ്ട് ഹെലികോപ്റ്റര്‍ അപകടങ്ങളും ചൈനയുടെ ആക്രമണത്തിനെതിരായ പ്രതിരോധത്തിലെ ഒരു പ്രധാന വ്യക്തിയെ ഇല്ലാതാക്കി എന്നും ബ്രഹ്‌മ ചെല്ലാനി നിരീക്ഷിച്ചു. ചെല്ലാനിയുടെ ട്വിറ്റര്‍ പോസ്റ്റ് ചൈനീസ് ഭരണകക്ഷിയെ വല്ലാതെ പ്രകോപിപ്പിച്ചു എന്ന് വ്യക്തമാക്കുന്നതാണ് ഗ്ലോബല്‍ ടൈംസിലെ തുടര്‍ റിപ്പോര്‍ട്ട്. റഷ്യ ഇന്ത്യ ആയുധ ഇടപാട് സംബന്ധിച്ചുള്ള അമേരിക്കയുടെ നിലപാടിന്റെ പശ്ചാത്തലത്തിലാണ് ഹെലികോപ്റ്റര്‍ അപകടമുണ്ടായതെന്നും അതിനു പിന്നില്‍ അമേരിക്കയാണെന്നും ഗ്ലോബല്‍ ടൈംസ് നിരീക്ഷിച്ചു. എസ് 400 മിസൈല്‍ റഷ്യ ഇന്ത്യയിലേക്ക് എത്തിക്കുന്നതില്‍ അമേരിക്ക ഉയര്‍ത്തിയ ആശങ്കയുമായി 'അപകടത്തിനുള്ള ബന്ധം' ചൈനീസ് മാധ്യമം കണ്ടെത്തി.
അതേസമയം, ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തിനു പിന്നില്‍ അമേരിക്കയാണെന്ന ഗ്ലോബല്‍ ടൈംസിന്റെ ആരോപണം ശുദ്ധ അബദ്ധമാണെന്നും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വികൃതമായ മനസ്സിലേക്ക് വിരല്‍ ചൂണ്ടുന്നു ഈ നടപടിയെന്നും ചെല്ലാനി അഭിപ്രായപ്പെട്ടു.'വിചിത്രമായ സമാന്തരമുണ്ടെങ്കിലും രണ്ട് ഹെലികോപ്റ്റര്‍ അപകടങ്ങളും ഒരു ബാഹ്യ കൈയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടെന്ന് ഞാന്‍ അര്‍ത്ഥമാക്കുന്നില്ല.പക്ഷേ, ഓരോ അപകടവും പ്രധാനപ്പെട്ട ആന്തരിക ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. പ്രത്യേകിച്ച് ഉന്നത ജനറലുകളെ കൊണ്ടുപോകുന്ന സൈനിക ഹെലികോപ്റ്ററുകളുടെ പരിപാലനം ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച്.'-ചെല്ലാനി ചൂണ്ടിക്കാട്ടി.