ബീജിംഗ്/ പെര്‍ത്ത്: ബീജിംഗ്് 2022 ശീതകാല ഒളിമ്പിക് ഗെയിംസിനെ നയതന്ത്ര ബഹിഷ്‌കരണത്തിന് വിധേയമാക്കാനുള്ള തീരുമാനത്തിന്റെ പേരില്‍ ഓസ്ട്രേലിയ , യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, കാനഡ എന്നീ രാജ്യങ്ങള്‍ കനത്ത വില വില നല്‍കേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ചൈന. 'വില' എന്തായിരിക്കുമെന്ന് വ്യക്തമല്ല; അത്തരം പ്രത്യാഘാതങ്ങള്‍ എന്തായിരിക്കാം എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വക്താവ് നേരിട്ട് ഉത്തരം നല്‍കിയതുമില്ല. അതേസമയം, ചൈനയുടെ മുന്നറിയിപ്പ് അവഗണിച്ച് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പ്രസ്താവനയിറക്കി.
സിന്‍ജിയാങ് പ്രവിശ്യയിലെ ഉയ്ഗൂര്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ന്യൂസിലന്‍ഡിനൊപ്പം നാല് രാജ്യങ്ങളും അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കുന്ന ഗെയിംസിലേക്ക് ഉദ്യോഗസ്ഥരെ അയയ്ക്കേണ്ടെന്നു തീരുമാനിച്ചത്.അതേസമയം, നയതന്ത്ര ബഹിഷ്‌കരണത്തില്‍ പങ്കെടുക്കുന്ന അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള അത്ലറ്റുകളും അവരുടെ സ്റ്റാഫും ഗെയിംസില്‍ പങ്കെടുക്കും.
.മറ്റ് നിരവധി പാശ്ചാത്യ ഗവണ്‍മെന്റുകളും ഐക്യരാഷ്ട്രസഭയും ചൈനയിലെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളക്കുറിച്ച് ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്.എന്നാല്‍ യുഎസ്, യുകെ, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങള്‍ ഒളിമ്പിക് പ്ലാറ്റ്ഫോം രാഷ്ട്രീയ കൃത്രിമത്വത്തിനായി ഉപയോഗിക്കുന്നുവെന്നാണ് ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെന്‍ബിന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചത്.'ഇത് ജനവിരുദ്ധമാണ്, അവര്‍ സ്വയം ഒറ്റപ്പെടും, അവരുടെ തെറ്റായ നീക്കങ്ങള്‍ക്ക് അവര്‍ വില നല്‍കും.ഉദ്യോഗസ്ഥര്‍ വന്നാലും ഇല്ലെങ്കിലും, അവര്‍ക്ക് വിജയകരമായ ബീജിംഗ് ഗെയിംസ് കാണാനാകും.'
ഇതിനിടെ, നയതന്ത്ര ബഹിഷ്‌കരണം ചൈനയെ 'അദ്ഭുതപ്പെടുത്തേണ്ടതില്ല' എന്നാണ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞത്. ഈ തീരുമാനമെടുത്തത് ഓസ്ട്രേലിയയുടെ ദേശീയ താല്‍പ്പര്യ പ്രകാരമാണെന്നും അദ്ദേഹം അറിയിച്ചു. ബഹിഷ്‌കരണത്തോടുള്ള പ്രതികരണമായുണ്ടാകാവുന്ന രാഷ്ട്രീയമോ സാമ്പത്തികമോ ആയ പ്രത്യാഘാതങ്ങളെക്കുറിച്ച് ഉത്ക്കണ്ഠ ആവശ്യമില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.അതേസമയം, ഓസ്ട്രേലിയയും ചൈനയും തമ്മിലുള്ള നയതന്ത്ര പിരിമുറുക്കങ്ങള്‍ ഈ തീരുമാനത്തിനു വഴി തെളിച്ചതായി പ്രധാനമന്ത്രി സ്ഥിരീകരിച്ചു.ഓസ്ട്രേലിയന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ബന്ധപ്പെട്ട ചൈനീസ് ഉദ്യോഗസ്ഥരുമായി നേരിട്ട് മനുഷ്യാവകാശ ആശങ്കകള്‍ ഉന്നയിക്കാന്‍ കഴിഞ്ഞില്ല.
'ഓസ്ട്രേലിയ ചൈനയുമായി നല്ല സൗഹൃദം പുലര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്ന് ഞങ്ങള്‍ വ്യക്തമായ സന്ദേശം അയച്ചിരുന്നു. പക്ഷേ ഞങ്ങളുടെ ആശങ്കകളില്‍ സത്യസന്ധത പുലര്‍ത്താനും ഞങ്ങള്‍ ആഗ്രഹിക്കുന്നു,'- പ്രതിരോധ മന്ത്രി പീറ്റര്‍ ഡട്ടണ്‍ പറഞ്ഞു. 'ഓസ്ട്രേലിയയിലെ പൊതുജനങ്ങളും അതാണ് പ്രതീക്ഷിക്കുന്നത്.' ബഹിഷ്‌കരണം സാമാന്യ പ്രതികരണമാണെന്നും ചൈനീസ് ടെന്നീസ് താരം പെങ് ഷുവായിയുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി ഡട്ടണ്‍ വാദിച്ചു.
'2021-ല്‍ പോലും ഒരു യുവ വനിതാ ടെന്നീസ് കളിക്കാരിക്ക് ലൈംഗികാതിക്രമം, ബലാത്സംഗം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് വീട്ടുതടങ്കലില്‍ കഴിയേണ്ടിവരുന്നു; അവളെ സോഷ്യല്‍ മീഡിയയില്‍ നിന്നു തുടച്ചുനീക്കുകയും ചെയ്തിരിക്കുന്നു,' ഡട്ടണ്‍ പറഞ്ഞു.അത്തരം നടപടികള്‍ അസഹനീയമാണ്.'ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും ചൈന ഈ പ്രശ്നങ്ങള്‍ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു; നമ്മുടെ രാജ്യങ്ങളിലെന്നതുപോലെ'. അതേസമയം, വിദേശകാര്യ മന്ത്രി മാരിസ് പെയ്നിന്റെ ഓഫീസിനെ എബിസി സമീപിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ വിസമ്മതിച്ചു.