മിലാന്‍: നൂറ്റാണ്ടിനപ്പുറത്തേക്കു നീളുന്ന ദുരൂഹതകളുടെയും നിഗൂഢതകളുടെയും താവളമായി ഇറ്റലിയിലെ വിദൂര പര്‍വതനിരയുടെ ഓരത്ത് ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്നു, ലോകത്തിലെ ഏറ്റവും ഏകാന്തമായ വീട്. സമുദ്രനിരപ്പില്‍ നിന്ന് 9,000 അടി ഉയരത്തില്‍ ഡോളമൈറ്റ് പര്‍വതത്തിലെ പാറക്കെട്ടിന്റെ വശത്തെ 'ബഫ ഡി പെരേറോ' എന്ന പേരില്‍ അറിയപ്പെടുന്ന ഈ വിചിത്ര നിര്‍മ്മിതിയുടെ അസാധാരണ സ്ഥാനം പതിറ്റാണ്ടുകളായി ആളുകളെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു.
അതിദുര്‍ഗമമായ ഇവിടെ എങ്ങനെ വീടു പണിതെന്നതാണ് ആദ്യമുയരുന്ന ചോദ്യം. ഇവിടം താവളമാക്കിയവര്‍ വന്നുപോകാന്‍ എത്രയധികം കഷ്ടപ്പെട്ടിരിക്കാമെന്നതാണ് അടുത്ത ചോദ്യം. 100 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒന്നാം ലോകമഹായുദ്ധസമയത്ത് നിര്‍മ്മിച്ചതെന്ന് ഏറെക്കുറെ ഉറപ്പുള്ള ഈ വീട്ടില്‍ വീരയോദ്ധാക്കള്‍ വിജയിച്ചതിന്റെയും വീണതിന്റെയും ഒട്ടേറെ ഓര്‍മ്മകള്‍ ഉറങ്ങുന്നുവെന്ന അനുമാനവുമുണ്ട്. ദുര്‍ഘടമായ ഭൂപ്രദേശത്ത് ഓസ്‌ട്രോ-ഹംഗേറിയന്‍ വംശജരുമായി യുദ്ധം ചെയ്യുമ്പോള്‍ വിശ്രമിക്കാനുള്ള ഒരു സ്ഥലമെന്ന നിലയിലാണ് ഇറ്റാലിയന്‍ സൈനികര്‍ ഈ അഭയകേന്ദ്രം നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്നു. വര്‍ഷങ്ങളേറെയായി ഉപേക്ഷിക്കപ്പെട്ട നിലയിലാണിത്.
അവിശ്വസനീയമായ വാസ്തുവിദ്യയാണ് കെട്ടിട നിര്‍മ്മിതിക്കു പിന്നിലേത്. വിശ്വാസ്യത അന്യമായ പര്‍വത പാത വഴി കയര്‍ ഗോവണികളിലൂടെയും താല്‍ക്കാലിക കേബിള്‍ വണ്ടികളിലൂടെയും മാത്രമേ ഇവിടെ എത്തിച്ചേരാനാകൂ. അതും ധൈര്യശാലികള്‍ക്കു മാത്രം; മലയില്‍ നിര്‍മ്മിച്ച ഉരുക്ക് ഗോവണികളുടെ സഹായത്തോടെ. മരം കൊണ്ട് പൊതിഞ്ഞ മുറിയില്‍ നിരവധി വെള്ള മരക്കസേരകള്‍ തിങ്ങിക്കിടന്നിരുന്നു.അവയുടെ അവശിഷ്ടങ്ങളേ ഇപ്പോഴുള്ളൂ. വിഷമം പിടിച്ച കാല്‍ നട യാത്രയ്ക്കു ശേഷം സൈനികരും സാഹസിക യാത്രികരും അവരുടെ പാദങ്ങള്‍ ഉയര്‍ത്തിവയ്ക്കാന്‍ ഉപയോഗിച്ചിരുന്ന പീഠങ്ങളുമുണ്ട്.
ക്ലബ് അല്‍പിനോ ഇറ്റാലിയാനോയിലെ ഔറോന്‍സോ വിഭാഗം - പ്രദേശത്തെ കാല്‍നട പാതകളുടെ മേല്‍നോട്ടം വഹിക്കുന്ന സംഘം - ഈ ചരിത്ര നിര്‍മ്മിതിയുടെ ചുവടു പിടിച്ച് ഇവിടെയടുത്ത് , ഫോര്‍സെല്ല മര്‍മറോള്‍ ചുരത്തിനരികിലെ മലമുകളില്‍ 12 പേര്‍ക്ക് വിശ്രമിക്കാനുതകുന്ന ഒരു സമകാലിക അഭയകേന്ദ്രം അടുത്ത കാലത്ത് നിര്‍മ്മിച്ചു. ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് അതിന്റെ മേല്‍ക്കൂര ഘടിപ്പിച്ചത്. നൂറു വര്‍ഷം മുമ്പ് 'ബഫ ഡി പെരേറോ' പണിതതിനു പിന്നിലെ സാഹസികതയും അധ്വാനവും വ്യക്തമാക്കുന്നതായി ഈ നിര്‍മ്മിതി.