ഇന്തോനേഷ്യയില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; സുനാമി മുന്നറിയിപ്പ്

ഇന്തോനേഷ്യയില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; സുനാമി മുന്നറിയിപ്പ്

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലുണ്ടായ വന്‍ ഭൂചലനത്തെ തുടര്‍ന്ന് സൂനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. പ്രാദേശിക സമയം പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു ഭൂചലനം.

ആയിരം കിലോമീറ്റര്‍ ദൂരം വരെ ശക്തമായ തിരകള്‍ക്ക് സാധ്യതയുണ്ടെന്ന് പസഫിക് സൂനാമി മുന്നറിയിപ്പ് കേന്ദ്രം വ്യക്തമാക്കി. രാജ്യത്തെ വടക്കന്‍ നഗരമായ മൗമേരയില്‍ നിന്നും 115 കിലോമീറ്റര്‍ അകലെ ഫ്‌ളോറസ് കടലില്‍ 18.5 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. സുനാമി ഇന്ത്യന്‍ തീരത്തെ സാരമായി ബാധിക്കാനിടയില്ലെന്നാണ് വിലയിരുത്തല്‍.

അതേസമയം, ഭൂകമ്പത്തെ തുടര്‍ന്ന് ആളുകള്‍ മരിച്ചതായി റിപ്പോര്‍ട്ടില്ലെന്നും യു.എസ് ജിയോളജി വകുപ്പ് വ്യക്തമാക്കി. 2004-ല്‍ ഇന്തോനേഷ്യയിലെ സുമാത്രയില്‍ 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം സുനാമിക്ക് കാരണമാവുകയും ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ഏകദേശം രണ്ട് ലക്ഷത്തിലധികം ആളുകള്‍ മരിക്കുകയും ചെയ്തിരുന്നു. 2018-ല്‍ ലംബോക്ക് ദ്വീപിലുണ്ടായ ഭൂചലനത്തില്‍ 550 പേര്‍ മരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് സുലാവേസി ദ്വീപിലുണ്ടായ സുനാമിയില്‍ 4300 പേരും മരിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.