ഹെയ്തിയില്‍ ഇന്ധന ട്രക്ക് പൊട്ടിത്തെറിച്ച് വന്‍ ദുരന്തം: 62 പേര്‍ മരിച്ചു;ഒട്ടേറെ പേര്‍ക്കു പരിക്ക്

ഹെയ്തിയില്‍ ഇന്ധന ട്രക്ക് പൊട്ടിത്തെറിച്ച് വന്‍ ദുരന്തം:  62 പേര്‍ മരിച്ചു;ഒട്ടേറെ പേര്‍ക്കു പരിക്ക്

പോര്‍ട്ടോപ്രിന്‍സ്( ഹെയ്തി): ഹെയ്തി നഗരമായ  ക്യാപ്-ഹെയ്തിയനില്‍ ഇന്ധന ട്രക്ക് പൊട്ടിത്തെറിച്ച് 62 പേര്‍ കൊല്ലപ്പെട്ടു; ഡസന്‍ കണക്കിനു പേര്‍ക്ക് പൊള്ളലേറ്റതായും അധികൃതര്‍ അറിയിച്ചു. സ്ഫോടനത്തില്‍ തെരുവിലെ വീടുകളുടെയും കടകളുടെയും മുന്‍വശം തകര്‍ന്നു.നിരവധി മോട്ടോര്‍ ബൈക്കുകളും കാറുകളും കത്തിനശിച്ചു.

ക്യാപ്-ഹെയ്തിയന്റെ കിഴക്കന്‍ അറ്റത്തുള്ള സാന്‍മാരിയില്‍ അര്‍ദ്ധരാത്രിയോടെയാണ് ദുരന്തമുണ്ടായത്. ഗ്യാസോലിന്‍ കയറ്റിവന്ന ട്രക്ക് യന്ത്രത്തകരാര്‍ മൂലം വഴിയില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.ഇതിനിടെ ടാങ്കിലൂടെ ചോര്‍ന്നുകൊണ്ടിരുന്ന ഗ്യാസോലിന്‍ ശേഖരിക്കാന്‍ ജനങ്ങള്‍ തിരക്കു കൂട്ടുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്.കനത്ത ഇന്ധനക്ഷാമത്തിലാണു രാജ്യം.

പ്രധാന ഇന്ധന തുറമുഖങ്ങളില്‍ ഇന്ധന ട്രക്കുകള്‍ കയറ്റുന്നത് ഒരു മാസത്തോളം തടഞ്ഞത്തിനു പിന്നാലെ  കഴിഞ്ഞ മാസമാണ് ഇന്ധന വിതരണം പുനരാരംഭിച്ചത്.പെട്രോള്‍ കയറ്റിയ ടാങ്കര്‍ ട്രക്കിന്റെ സ്ഫോടനവാര്‍ത്ത ഏറെ വിഷമത്തോടെ ആണ് അറിഞ്ഞത് എന്ന്  പ്രധാനമന്ത്രി ഏരിയല്‍ ഹെന്റി ട്വിറ്ററില്‍ കുറിച്ചു. സംഭവത്തില്‍ സര്‍ക്കാര്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.ഹെയ്തിയിലെ ഐക്യരാഷ്ട്രസഭയുടെ ഓഫീസ്, ദേശീയ അധികാരികള്‍ക്ക് സഹായം വാഗ്ദാനം ചെയ്തു.

പരിക്കേറ്റവരെ ചികിത്സിക്കാന്‍ പ്രാദേശിക ആശുപത്രിയില്‍ നിര്‍ദ്ദേശം നല്‍കിയതായും പരിക്കേറ്റവരുടെ കൃത്യമായ എണ്ണം അറിവായിട്ടില്ല എന്നും മേയര്‍ പിയറി യെവ്റോസ് റോയിട്ടേഴ്സിനോട് പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് മനുഷ്യവിഭവശേഷിയും ഭൗതിക വിഭവങ്ങളും ആവശ്യമാണെന്നും  ഗുരുതരമായ പൊള്ളലേറ്റാല്‍ ഉപയോഗിക്കാവുന്ന ഏതു മരുന്നും ഇപ്പോള്‍ ഉപകാരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.രക്തദാതാക്കള്‍ മുന്നോട്ടുവരണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.