നിരവധി കുട്ടികള്‍ക്കു പരുക്ക്
ഹൊബാര്‍ട്ട്: ഓസ്‌ട്രേലിയന്‍ സംസ്ഥാനമായ ടാസ്മാനിയയിലെ പ്രൈമറി സ്‌കൂളില്‍ കുട്ടികള്‍ കളിച്ചുകൊണ്ടിരുന്ന ജംപിംഗ് കാസില്‍ ശക്തമായ കാറ്റില്‍പ്പെട്ട് നാലു കുട്ടികള്‍ മരിച്ചു. നിരവധി കുട്ടികള്‍ക്കു പരിക്കേറ്റു. പരിക്കേറ്റ നാലു കുട്ടികളുടെ നില ഗുരുതരമായി തുടരുകയാണ്.
വടക്കുപടിഞ്ഞാറന്‍ ടാസ്മാനിയയിലെ ഡെവോണ്‍പോര്‍ട്ട് ഹില്‍ക്രസ്റ്റ് പ്രൈമറി സ്‌കൂളിലാണ് അപകടമുണ്ടായത്. ശക്തമായ കാറ്റില്‍ കുട്ടികള്‍ കളിച്ചുകൊണ്ടിരുന്ന ജംപിംഗ് കാസില്‍ (വായു നിറച്ച് കുട്ടികള്‍ ചാടാന്‍ ഉപയോഗിക്കുന്ന കളിസ്ഥലം) അന്തരീക്ഷത്തിലേക്ക് എടുത്തെറിയപ്പെടുകയായിരുന്നു. പത്തു മീറ്ററോളം വായുവിലേക്ക് ഉയര്‍ന്ന ജംപിഗ് കാസിലില്‍ നിന്ന് കുട്ടികള്‍ താഴേക്കു പതിച്ചുവെന്നാണ് കരുതപ്പെടുന്നത്. വീഴ്ച്ചയുടെ ആഘാതത്തില്‍ മാരകമായി പരുക്കേറ്റാണ് മരണം സംഭവിച്ചത്.
അപകടത്തില്‍ ആറു വയസുള്ള രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും ഉള്‍പ്പെടെ നാലു പേര്‍ മരിച്ചതായി ടാസ്മാനിയ പോലീസ് കമ്മിഷണര്‍ ഡാരന്‍ ഹൈന്‍ ഡെബി വില്യംസ് സ്ഥിരീകരിച്ചു. അഞ്ചു കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും, ഇവരില്‍ നാലു പേരുടെ നില ഗുരുതരമാണെന്നും പോലീസ് കമ്മിഷണര്‍ അറിയിച്ചു.
വ്യാഴാഴ്ച രാവിലെ പത്തു മണിയോടെയാണ് അപകടമുണ്ടായത്. സ്‌കൂള്‍ വര്‍ഷാവസാനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ബിഗ് ഡേ എന്നു പേരിട്ട ആഘോഷ പരിപാടിക്കിടെയായിരുന്നു അപകടം.
ശക്തമായ കാറ്റ്, കുട്ടികള്‍ കളിച്ചുകൊണ്ടിരുന്ന ജംപിംഗ് കാസില്‍ വായുവിലേക്ക് ഉയരുന്നതിന് കാരണമായെന്നു ടാസ്മാനിയന്‍ പോലീസ് പ്രസ്താവനയില്‍ പറഞ്ഞു.
സ്‌കൂളില്‍ അപകടമുണ്ടായ സ്ഥലം ഷീറ്റു കൊണ്ട് മറച്ചിരിക്കുന്നു.
അപകടത്തില്‍ പരിക്കേറ്റ കുട്ടികളെ ആംബുലന്‍സുകളിലും ഹെലികോപ്റ്ററുകളിലുമായാണ് ആശുപത്രികളിലെത്തിച്ചത്. അപകടത്തെ തുടര്‍ന്ന് ഈ പ്രദേശത്തു കൂടിയുള്ള യാത്ര ഒഴിവാക്കാന്‍ സമീപവാസികളോടു പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്.
സ്വകാര്യത കണക്കിലെടുത്ത് മരണത്തെക്കുറിച്ചോ പരിക്കേറ്റവരെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്നും എന്നാല്‍ പിന്നീട് ഇതു സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുമെന്നും പോലീസ് അറിയിച്ചു.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. 'ഇത് വളരെ ദാരുണമായ സംഭവമാണ്. നിര്‍ഭാഗ്യവശാല്‍, മൊഴിയെടുക്കേണ്ട സാക്ഷികള്‍ ദുരന്തം നേരില്‍കണ്ട് വലിയ ആഘാതത്തിലാണ്. അതിനാല്‍ അന്വേഷണത്തിന് സമയമെടുക്കുമെന്ന് പോലീസ് കമ്മിഷണര്‍ പറഞ്ഞു. ദുരന്തത്തിനിരയായ കുട്ടികളുടെ കുടുംബങ്ങള്‍ക്ക് കൗണ്‍സിലിംഗ് ലഭ്യമാക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.
ഹില്‍ക്രസ്റ്റ് പ്രൈമറി സ്‌കൂള്‍
സംഭവത്തെതുടര്‍ന്ന് സങ്കടപ്പെടുത്തുന്ന കാഴ്ച്ചകളായിരുന്നു സ്‌കൂളിലെങ്ങും. തങ്ങളുടെ കുട്ടികള്‍ അപകടത്തില്‍പെട്ടിട്ടുണ്ടോ എന്നറിയാന്‍ രക്ഷിതാക്കള്‍ സ്‌കൂളില്‍ പാഞ്ഞെത്തിക്കൊണ്ടിരുന്നു. പരസ്പരം ആശ്വസിപ്പിച്ചും ദുരന്തം കണ്ട് കരഞ്ഞും നില്‍ക്കുന്നവരുടെ കാഴ്ച്ചകള്‍ കരളലിയിക്കുന്നതായിരുന്നു.
അചിന്തനീയമാംവിധം ഹൃദയഭേദകമായ സംഭവം എന്നാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും ടാസ്മാനിയ പ്രീമിയര്‍ പീറ്റര്‍ ഗട്വെയ്‌നും വിശേഷിപ്പിച്ചത്.
കുഞ്ഞുങ്ങള്‍ അവരുടെ കുടുംബത്തോടൊപ്പം ഏറെ ആഹ്ലാദിച്ച നിമിഷങ്ങള്‍ ഭയാനകമായ ഒരു ദുരന്തത്തിലേക്ക് മാറുന്നത് ഹൃദയഭേദകമാണെന്ന് സ്‌കോട്ട് മോറിസണ്‍ പറഞ്ഞു.