ജനീവ: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ മറ്റു വകഭേദങ്ങളേക്കാള്‍ അതിവേഗം വ്യാപിക്കുന്നുവെങ്കിലും അതിന്റെ പ്രഹരശേഷിയറിയാന്‍ കൂടുതല്‍ പഠനം വേണമെന്ന് ലോകാരോഗ്യ സംഘടന.
നിലവില്‍ വളരെക്കുറച്ച് വിവരങ്ങള്‍ മാത്രമാണ് ഒമിക്രോണ്‍ വകഭേദത്തെ കുറിച്ച് കയ്യിലുള്ളതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഈയാഴ്ചത്തെ കണക്കനുസരിച്ച് 76 രാജ്യങ്ങളില്‍ ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഇവിടെയെല്ലാം ഡെല്‍റ്റ വകഭേദത്തേക്കാള്‍ വ്യാപനശേഷി ഒമിക്രോണിന് കൂടുതലാണെന്ന് തന്നെയാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
ഡെല്‍റ്റയ്ക്കു വ്യാപനശേഷി കുറവായിരുന്ന ദക്ഷിണാഫ്രിക്കയില്‍ അതിവേഗമാണ് ഒമിക്രോണ്‍ പടര്‍ന്നു പിടിക്കുന്നത്. എന്നാല്‍ ഡെല്‍റ്റ കൂടുതല്‍ വേഗത്തില്‍ വ്യാപിച്ച ഇംഗ്ലണ്ടിലും ഒമിക്രോണിനു വ്യാപനശേഷി കൂടുതലാണ്.
ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ചില ഒമിക്രോണ്‍ കേസുകളില്‍ കൂടി പഠനം നടന്നു കഴിഞ്ഞാല്‍ ഇതിന്റെ പ്രഹരശേഷി സംബന്ധിച്ച് കൂടുതല്‍ വ്യക്തത കൈവരുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.