സോള്‍: ഉത്തര കൊറിയയുടെ പരമോന്നത നേതാവും ഇപ്പോഴത്തെ ഭരണാധികാരി കിം ജോങ് ഉന്നിന്റെ പിതാവുമായ കിം ജോങ് ഇല്ലിന്റെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ആഘോഷങ്ങള്‍ക്കും ഷോപ്പിംഗിനും വിലക്കേര്‍പ്പെടുത്തി ഉത്തര കൊറിയ. ഇന്നാണ് കിമ്മിന്റെ ചരമവാര്‍ഷികം. ഇന്നു മുതല്‍ 10 ദിവസത്തേക്കു ചിരിക്കരുതെന്നാണ് പൊതുജനങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്. ചിരിക്കു മാത്രമല്ല വിലക്ക്. മദ്യപിക്കുന്നതിനും പലചരക്ക് സാധനങ്ങള്‍ വാങ്ങുന്നതിനും ഒഴിവുസമയങ്ങളില്‍ വിനോദത്തില്‍ ഏര്‍പ്പെടുത്തുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അതിര്‍ത്തി നഗരമായ സിനുയിജുവിലെ താമസക്കാരന്‍ റേഡിയോ ഫ്രീ ഏഷ്യയോട് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
10 ദിവസത്തെ ദുഃഖാചരണത്തിനിടയില്‍ നിരോധനം ലംഘിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ഇയാള്‍ പറഞ്ഞു. മുന്‍പ് ദുഃഖാചരണത്തിനിടയില്‍ മദ്യപിച്ച നിരവധി പേരെ അറസ്റ്റ് ചെയ്തതായി പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരാള്‍ പറഞ്ഞു. അറസ്റ്റു ചെയ്തുകൊണ്ടുപോയ അവരെ പിന്നീട് കണ്ടതുമില്ലെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.
ദുഃഖാചരണ സമയത്ത്, ശവസംസ്‌കാര ചടങ്ങുകളോ ശുശ്രൂഷകളോ നടത്താനോ ജന്മദിനം ആഘോഷിക്കാനോ പോലും ആരെയും അനുവദിക്കാറില്ല.
ദുഃഖാചരണത്തിന് മുന്നോടിയായി ഈ മാസം ആദ്യം പോലീസും സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കിം ജോങ് ഇല്ലിന്റെ സ്മരണാര്‍ഥം നിരവധി പരിപാടികളാണ് ഉത്തരകൊറിയ ആസൂത്രണം ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ചിത്രങ്ങളുടെയും കലാസൃഷ്ടികളുടെയും പൊതു പ്രദര്‍ശനം, സംഗീത പരിപാടി, അദ്ദേഹത്തിന്റെ പേരിലുള്ള 'കിംജോംഗിയ' എന്ന പുഷ്പത്തിന്റെ പ്രദര്‍ശനം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഉത്തരകൊറിയയിലെ പ്രമുഖ നേതാവായിരുന്ന കിം കൊറിയന്‍ തൊഴിലാളി പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി, ദേശീയ പ്രതിരോധ കമ്മിഷന്റെ ചെയര്‍മാന്‍, സൈന്യത്തിന്റെ സുപ്രീം കമാന്‍ഡര്‍ എന്നീ പദവികളും വഹിച്ചിരുന്നു. 2010-ല്‍ ഫോബ്‌സ് മാസിക പ്രസിദ്ധീകരിച്ച, ലോകത്തിലെ ഏറ്റവും ശക്തരായ വ്യക്തികളുടെ പട്ടികയില്‍ 31-ാമനായിരുന്നു. 2011 ഡിസംബര്‍ 17-ന് ഒരു തീവണ്ടി യാത്രക്കിടെ ഹൃദയാഘാതം മൂലമാണ് അദ്ദേഹം മരിക്കുന്നത്.