ബാഗ്ദാദ്: വടക്കന്‍ ഇറാഖിലുണ്ടായ വെള്ളപ്പൊക്കത്തില്‍ പന്ത്രണ്ടു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ രാത്രിയുണ്ടായ കനത്ത മഴയിലാണ് ഏര്‍ബില്‍ നഗരത്തിലും സമീപ പ്രദേശങ്ങളിലും വ്യാപക നാശമുണ്ടായത്.
ഇറാഖിലെ അര്‍ധ സ്വയംഭരണ പ്രദേശമായ കുര്‍ദിസ്ഥാന്റെ തലസ്ഥാനമാണ് ഏര്‍ബില്‍. ഈ നഗരത്തിലെയും സമീപ നഗരങ്ങളിലെയും തെരുവുകളും വീടുകളും വാഹനങ്ങളും വെള്ളത്തില്‍ മുങ്ങിയതായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ കാണാം. ഏര്‍ബിലെ ചില ഒറ്റപ്പെട്ട പ്രദേശങ്ങളില്‍നിന്നും കാണാതായവര്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് എര്‍ബില്‍ മേയര്‍ നബ്‌സ് അബ്ദുല്‍ ഹമീദ് അറിയിച്ചു.
കിര്‍കുക്ക് പ്രവിശ്യയില്‍ കനത്ത മഴയെത്തുടര്‍ന്ന് വീടുകളില്‍ കുടുങ്ങിയ നിരവധി കുടുംബങ്ങളെ ഇറാഖി സുരക്ഷാ സേന രക്ഷിച്ചതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
ഇറാഖ് ഈ വര്‍ഷം ഏറ്റവും കുറഞ്ഞ മഴയ്ക്കാണ് സാക്ഷ്യം വഹിച്ചത്. എന്നാല്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ഇടയ്ക്കിടെ കനത്ത മഴ പെയ്യുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സമീപ വര്‍ഷങ്ങളില്‍ രാജ്യത്ത് വരള്‍ച്ചയും രൂക്ഷമായിരുന്നു.
ശൈത്യകാലത്ത് ഇറാഖില്‍ കൊടുങ്കാറ്റുകളും വെള്ളപ്പൊക്കങ്ങളും പതിവാണ്. അവയിലധികവും നടക്കുക വടക്കന്‍ മേഖലയിലായിരിക്കും. 2018-ല്‍, ഇറാഖില്‍ നടന്ന വെള്ളപ്പൊക്കത്തില്‍ നിരവധി പേര്‍ മരിച്ചിരുന്നു. ആയിരത്തോളം പേര്‍ക്ക് വീടുകളും നഷ്ടമായിട്ടുണ്ട്.
യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ ഇറാഖില്‍ കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളും വലിയ ദുരിതമാണ് വിതയ്ക്കുന്നത്.