പോര്‍ട്ട് ഓ പ്രിന്‍സ്: കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ രണ്ടു മാസം മുമ്പ് തട്ടിക്കൊണ്ടുപോയ ക്രിസ്ത്യന്‍ മിഷണറി സംഘത്തിലെ അവശേഷിക്കുന്ന 12 പേര്‍ കൂടി മോചിതരായി. ബന്ദിയാക്കപ്പെട്ട യു.എസ്, കനേഡിയന്‍ മിഷണറി സംഘം മോചിതരായതായി ഹെയ്തി പോലീസ് വക്താവ് ഗാരി ഡെസ്‌റോസിയേഴ്‌സ് അറിയിച്ചു. ആഴ്ച്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് മോചനം. കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും പോലീസ് വക്താവ് അറിയിച്ചു.
ബന്ദികളാക്കിയവരില്‍ അഞ്ച് പേരെ അടുത്തിടെ വിട്ടയച്ചിരുന്നു. അവശേഷിച്ച 12 പേര്‍കൂടി മോചിതരായതായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യു.എസിലെ ഒഹിയോ ആസ്ഥാനമായുള്ള ക്രിസ്ത്യന്‍ എയ്ഡ് മിനിസ്ട്രീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഒക്‌ടോബര്‍ 16-നാണ് തട്ടിക്കൊണ്ടുപോകലിനും കൊലപാതകങ്ങള്‍ക്കും കുപ്രസിദ്ധിയാര്‍ജിച്ച 400 മാവോസോ എന്ന സംഘം 17 പേരെ തട്ടിക്കൊണ്ടുപോയത്.
16 അമേരിക്കക്കാരും ഒരു കനേഡിയന്‍ പൗരനുമാണ് സംഘത്തിലുണ്ടായിരുന്നത്. എട്ടു മാസം പ്രായമുള്ള കൈക്കുഞ്ഞ് ഉള്‍പ്പെടെ അഞ്ച് കുട്ടികളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
'ഞങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കിയ ദൈവത്തെ മഹത്വപ്പെടുത്തുന്നതായി ക്രിസ്ത്യന്‍ എയ്ഡ് മിനിസ്ട്രി പ്രസ്താവനയില്‍ പറഞ്ഞു.
ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമായ കരീബിയന്‍ നഗരത്തിലെ ഒരു അനാഥാലയം സന്ദര്‍ശിച്ച് ബസില്‍ മടങ്ങവേയാണ് മിഷണറിമാരെ തട്ടിക്കൊണ്ടുപോയത്. വിമാനത്താവളത്തിലേക്കു പോയ ബസില്‍ കടന്നുകയറി കുട്ടികളുള്‍പ്പടെയുള്ളവരെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഹെയ്തിയില്‍ ക്രിസ്ത്യന്‍ എയ്ഡ് മിനിസ്ട്രീസ് വലിയ തോതിലുള്ള സന്നദ്ധ സേവനമാണ് ചെയ്യുന്നത്. കുട്ടികള്‍ക്ക് അഭയം, ഭക്ഷണം, വസ്ത്രം എന്നിവയും അവരുടെ വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുകയും ചെയ്യുന്നു.