ഒമിക്രോണ്‍ വ്യാപനം അതിവേഗത്തില്‍; 89 രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന

ഒമിക്രോണ്‍ വ്യാപനം അതിവേഗത്തില്‍; 89 രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന

ജനീവ: കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോണ്‍ ലോകത്ത് അതിവേഗം വ്യാപിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന. ഒമിക്രോണ്‍ സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ ഒന്നര മുതല്‍ മൂന്ന് ദിവസത്തിനുള്ളില്‍ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നു. ഇത് ആശങ്ക കൂട്ടുന്നുവെന്നും ഇതുവരെ 89 രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചുവെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

പ്രതിരോധ ശേഷി കൂടിയ രാജ്യങ്ങളില്‍ പോലും രോഗം അതിവേഗം വ്യാപിക്കുകയാണെന്ന ആശങ്കയും ലോകാരോഗ്യ സംഘടന പങ്കുവെച്ചു. ഒമിക്രോണ്‍ വകഭേദത്തിന്റെ തീവ്രത, അപകടശേഷി, വാക്സിന്‍ പ്രതിരോധം തുടങ്ങിയ കാര്യങ്ങളില്‍ പഠനങ്ങള്‍ നടക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ഇനിയും ലഭ്യമാകേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

നിലവിലെ പ്രതിരോധശേഷി മറികടക്കുന്നതുകൊണ്ടാണോ ഒമിക്രോണ്‍ അതിവേഗത്തില്‍ പടരുന്നതെന്ന് കണ്ടെത്താനായിട്ടില്ല. നിലവിലുള്ള കോവിഡ് കോവിഡ് വാക്സിനുകള്‍ ഒമിക്രോണ്‍ വകഭേദത്തിനെതിരെ എത്രത്തോളം ഫലപ്രദമാണെന്നതുള്‍പ്പെടെയുള്ള പ്രധാന ചോദ്യങ്ങള്‍ക്ക് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ലെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

ഡെല്‍റ്റയെ അപേക്ഷിച്ച് ഒമിക്രോണിന് ഗണ്യമായ വളര്‍ച്ചാ നിരക്കുണ്ട് എന്നതിന് വ്യക്തമായ തെളിവുകള്‍ ഉണ്ട്. സമൂഹ വ്യാപനത്തിന്റെ തോത് രേഖപ്പെടുത്തുന്ന രാജ്യങ്ങളില്‍ ഒമിക്രോണ്‍ ഡെല്‍റ്റ വകഭേദത്തേക്കാള്‍ വളരെ വേഗത്തില്‍ പടരുന്നു-ഡബ്ല്യു.എച്ച്.ഒ കൂട്ടിച്ചേര്‍ത്തു

ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയതിന് പിന്നാലെ ഒമിക്രോണ്‍ അതിതീവ്ര വ്യാപന ശേഷിയുള്ള അപകടകാരിയായ വകഭേദമാണെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരുന്നു. നവംബര്‍ 26നാണ് ഒമിക്രോണിനെ കൊറോണയുടെ പുതിയ വകഭേദമായി ലോകാരോഗ്യ സംഘടന രേഖപ്പെടുത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.