ധര്‍മശാല (ഹിമാചല്‍ പ്രദേശ്): ലോകത്തിനു മുന്നിലെ മതസൗഹാര്‍ദത്തിന്റെ ഉദാത്ത മാതൃകയാണ് ഇന്ത്യയെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. ശ്രീലങ്കന്‍ ടിബറ്റന്‍ ബുദ്ധിസ്റ്റ് ബ്രദര്‍ഹുഡ് സൊസൈറ്റി സംഘടിപ്പിച്ച രണ്ട് ദിവസം നീണ്ട വെര്‍ച്വല്‍ ഇവന്റിനിടെ നടത്തിയ പ്രസംഗത്തില്‍ ആണ് ലാമ ഈ ്ഭിപ്രായം പറഞ്ഞത്.
ഇന്തോനേഷ്യ, മലേഷ്യ, ഇന്ത്യ, മ്യാന്‍മര്‍, ശ്രീലങ്ക, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള ബുദ്ധ ലാമകളെ ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയിലുള്ള വസതിയില്‍ നിന്നാണ് ടിബറ്റന്‍ ആത്മീയ നേതാവ് അഭിസംബോധന ചെയ്തത്. 'ഇന്ത്യന്‍ മതപാരമ്പര്യം അഹിംസ് പഠിപ്പിക്കുന്നു, മറ്റുള്ളവരെ ദ്രോഹിക്കരുതെന്നും. ഇന്ത്യയില്‍, അഹിംസയും കരുണയും 3,000 വര്‍ഷത്തിലേറെയായി ആചരിക്കുന്നു. അതിനാല്‍ ഇസ്ലാം, ക്രിസ്തുമതം, ജൂതമതം, പാഴ്‌സി മതം തുടങ്ങി ലോകത്തിലെ വിവിധ മതപാരമ്പര്യങ്ങള്‍ ഇന്ത്യയില്‍ സജീവമാണ്. മതസൗഹാര്‍ദത്തിന് ഇന്ത്യ ലോകത്തിന് മാതൃകയാണ്. ഞാന്‍ അഭയാര്‍ത്ഥിയായി ഇന്ത്യയില്‍ വന്നതുമുതല്‍ അഹിംസയുടെയും മതസൗഹാര്‍ദ്ദത്തിന്റെയും സമ്പ്രദായം ഇന്ത്യയില്‍ മികച്ചതാണെന്നു കണ്ടെത്തി,'- അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ പങ്കെടുത്ത 600 ബുദ്ധ സന്യാസിമാരില്‍ പലരും ദലൈലാമയോട് ബുദ്ധന്റെ പഠിപ്പിക്കലിനെക്കുറിച്ച് നിരവധി ചോദ്യങ്ങള്‍ ചോദിച്ചു. പഴയ പ്രബോധനങ്ങള്‍ എങ്ങനെ ആധുനിക ജനങ്ങളോടും മതവിശ്വാസികളല്ലാത്തവരോടും സമന്വയിപ്പിക്കുമെന്നും വ്യാഖ്യാനിക്കുമെന്നതുമായിരുന്നു പ്രധാന സംശയങ്ങള്‍.