ബ്രിസ്ബന്‍: ഓസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലന്‍ഡില്‍ ആഞ്ഞു വീശിയ ശക്തമായ പൊടിക്കാറ്റ് ജനങ്ങളെ വലച്ചു. മണിക്കൂറില്‍ 100 കിലോമീറ്ററിലധികം വേഗതയിലാണ് കാറ്റ് വീശിയത്. തിരമാലകള്‍ പോലെ ആകാശംമുട്ടെ ഉയര്‍ന്നുപൊങ്ങിയ മണല്‍കാറ്റ് ക്വീന്‍സ്‌ലന്‍ഡില്‍ മൗണ്ട് ഇസ, ബൗലിയ, ദജാറ, ഉറന്ദാംഗി എന്നീ മേഖലകളിലാണ് ആഞ്ഞടിച്ചത്. എട്ട് വര്‍ഷത്തിനിടെ കണ്ട ഏറ്റവും വലിയ പൊടിക്കാറ്റാണിതെന്നു പ്രദേശവാസികള്‍ പറഞ്ഞു. ഒന്നും കാണാനാവാത്ത വിധമാണ് കാറ്റ് വീശിയത്. കാറ്റില്‍ വഴിയോരങ്ങളില്‍ പൊടിമണ്ണ് കുമിഞ്ഞ് കൂടി.
പ്രദേശത്തുണ്ടാകുന്ന നിരവധി ഇടിമിന്നലുകളാണ് പൊടിപടലത്തിന് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷക ഹെലന്‍ കിര്‍കപ്പ് പറഞ്ഞു. ഇടിമിന്നലുകള്‍ തണുത്ത വായു പുറത്തേക്ക് ഒഴുകുന്നു. ഇതാണ് പൊടിക്കാറ്റായി പരിണമിക്കുന്നത്.
ഏറ്റവും ശക്തമായ കാറ്റ് ഉറന്ദാംഗിയിലാണ് അനുഭവപ്പെട്ടത്. മണിക്കൂറില്‍ 109 കിലോമീറ്റര്‍. വേനല്‍ക്കാലത്ത് വരും ദിവസങ്ങളിലും കൂടുതല്‍ പൊടിക്കാറ്റുകള്‍ പ്രതീക്ഷിക്കാമെന്ന് ഹെലന്‍ കിര്‍കപ്പ് പറഞ്ഞു.