അമേരിക്കയില്‍ ആദ്യ ഒമിക്രോണ്‍ മരണം; വൈറസിനു കീഴടങ്ങിയത് വാക്സിന്‍ എടുക്കാത്തയാള്‍

അമേരിക്കയില്‍ ആദ്യ ഒമിക്രോണ്‍ മരണം; വൈറസിനു കീഴടങ്ങിയത് വാക്സിന്‍ എടുക്കാത്തയാള്‍

വാഷിംഗ്ടണ്‍: ഒമിക്രോണ്‍ വകഭേദവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. അന്‍പതിനും അറുപതിനുമിടയ്ക്ക് പ്രായമുള്ളയാളാണ് അസുഖം ബാധിച്ച്‌ മരിച്ചത്. ഇയാള്‍ കോവിഡ് പ്രതിരോധ വാക്സിന്‍ എടുത്തിരുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. തിങ്കളാഴ്ചയാണ് മരണം സംഭവിച്ചതെന്ന് ഹാരിസ് കൗണ്ടി ആരോഗ്യ വകുപ്പ് അറിയിച്ചു.

പ്രായമുള്ളവര്‍ പ്രതിരോധ കുത്തിവയ്പ് എടുക്കാതിരിക്കുകയും കോവിഡ് ബാധിക്കുന്ന സാഹചര്യമുണ്ടാകുകയും ചെയ്താല്‍ ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.

അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ ഒമിക്രോണ്‍ മരണമാണിത്. ബ്രിട്ടനിലാണ് ആഗോളതലത്തില്‍ ആദ്യത്തെ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചത്. ബ്രിട്ടനില്‍ നിലവില്‍ 12 പേര്‍ ഒമിക്രോണ്‍ വകഭേദം ബാധിച്ച്‌ മരിച്ചിട്ടുണ്ട്. 104 പേരാണ് നിലവില്‍ ആശുപത്രിയിലുള്ളതെന്ന് ഉപ പ്രധാനമന്ത്രി ഡൊമിനിക് റാബ് പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.